അമ്പലപ്പുഴ: പൊഴി മുറിച്ച് കടലിലേക്ക് വെള്ളം ഒഴുക്കാത്തതിനെത്തുടർന്ന് തീരപ്രദേശത്തെ ഇരുപതോളം വീട്ടുകാർ വെള്ളക്കെട്ടിൽ. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ കൊച്ചു പൊഴിക്കു സമീപം താമസിക്കുന്നവരാണ് വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലെ വെള്ളം പ്രദേശത്ത് കെട്ടിക്കിടക്കുകയാണ്. സെപ്ടിക് ടാങ്ക് മാലിന്യമുൾപ്പെടെ വഴിയിലേക്ക് ഒഴുകിയെത്തിയതോടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. മഴ കനത്താൽ സമീപത്തെ പള്ളിപ്പറമ്പ് കോളനിയിലും വെള്ളം കയറും.
ഇപ്പോൾ മലിനജലത്തിൽ കൂടി നീന്തി വേണം റോഡിലെത്താൻ. മുൻകാലങ്ങളിൽ കാലവർഷം അടുക്കുമ്പോൾ ജെ.സി.ബി ഉപയോഗിച്ച് പൊഴിമുറിച്ച് കടലിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. ഇത്തവണ പൊഴിമുറിക്കാത്തതാണ് വീടുകളിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. മലിനജലം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധി ഭീഷണിയുമുയർത്തുന്നു. പൊഴി മുറിക്കാൻ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
'' ഒരു മാസം മുമ്പ് പൊഴിമുറിച്ചിരുന്നു. പിന്നീട് മണ്ണടിഞ്ഞ് മൂടിയതാണ്. ഇനി പൊഴി മുറിക്കാൻ ഫണ്ടില്ല. പ്രസിഡന്റും വില്ലേജ് ഓഫീസറുമായി ചർച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കും
- മേഴ്സി അലോഷ്യസ് , പഞ്ചായത്തംഗം