നഗരത്തിൽ കുടിവെള്ളം മുടങ്ങും
അമ്പലപ്പുഴ : നഗരവാസികൾക്കും സമീപ പഞ്ചായത്തുകളിലുള്ളവർക്കും തീരാശാപമായി മാറിയ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് പൈപ്പ് പൊട്ടുന്നത്. പതിന്നാല് ദിവസത്തോളം നഗരത്തിൽ കുടിവെള്ളവിതരണം മുടങ്ങിയിരുന്നു.
തകഴി കന്നാമുക്ക് ഭാഗത്ത് നേരത്തേ പൈപ്പ് പൊട്ടിയപ്പോൾ അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്ത് മണ്ണിട്ടു മൂടുന്നതിനിടയിലാണ് വീണ്ടും പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിയത്. തുടർന്ന് കടപ്രയിൽ നിന്നുള്ള പമ്പിംഗ് ഇന്നലെ ഉച്ചയോടെ നിറുത്തിവച്ചു. ഇതോടെ ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളവിതരണം മുടങ്ങി.
കന്നാ മുക്ക് ഭാഗത്ത് ഒരു മാസം മുമ്പാണ് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി കുഴി എടുത്തത്.കഴിഞ്ഞ ദിവസം ഗ്രാവൽ ഉപയോഗിച്ച് ഈ കുഴി മൂടുമ്പോഴാണ് വീണ്ടും പൈപ്പ് പൊട്ടിയത്. ഇന്നലെ വൈകിട്ടോടെ ഗ്രാവൽ മാറ്റി അറ്റകുറ്റപ്പണി ആരംഭിച്ചു. ഉപയോഗിച്ച പൈപ്പിന്റെ നിലവാരക്കുറവ് കാരണം ആലപ്പുഴ കുടിവെള്ള പദ്ധതി തുടങ്ങിയ നാൾ മുതൽ പൈപ്പ് പൊട്ടൽ തുടർക്കഥയാണ്.