tv-r

തുറവൂർ: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെത്തുടർന്ന് കേരളത്തെ മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ചുള്ള യാതൊരു നടപടിയും ഉണ്ടാകാത്തത് സ്ഥലമെടുപ്പു നടപടികൾ നിറുത്തിവയ്ക്കുന്നതിന് കാരണമായി. സ്ഥലമേറ്റടുക്കലിന്റെ അവസാന ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ. ഈ സർക്കാരിന്റെ കാലാവധി കഴിയുന്നതിനു മുമ്പായി ദേശീയപാത വികസനം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്ധകാരനഴി - ചെല്ലാനം, പത്മാക്ഷിക്കവല - അന്ധകാരനഴി, എഴുപുന്ന - ചെല്ലാനം റോഡുകളുടെ പുനർനിർമ്മാണം പള്ളിത്തോട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിയുക്ത എം.പി എ.എം. ആരിഫ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തി. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ, പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രമോദ്, തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിൻ ഏണസ്റ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ, പി.കെ. സാബു, സി.മധുസൂദനൻ, എസ്.സജീവ്, സിനി എന്നിവർ സംസാരിച്ചു. പന്ത്രണ്ട് കോടി മുടക്കിയാണ് റോഡുകൾ ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നത്.