ഹരിപ്പാട് : നിയന്ത്രണം തെറ്റിയ ടാങ്കർലോറി വീട്ടിലേക്ക് ഇടിച്ചുകയറിയെങ്കിലും വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ദേശീയപാതയിൽ കരുവാറ്റ താമല്ലാക്കൽ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. കൊല്ലത്തു നിന്ന് എറണാകുളത്തേക്കു ലോഡ് എടുക്കാനായി പോയ ടാങ്കർ ചക്കാല കിടക്കതിൽ ശിവൻപിള്ളയുടെ വീട്ടിലേക്ക് ഇടുച്ചു കയറുകയായിരുന്നു. വീടിന്റെ മുൻവശത്തെ ഭിത്തി പൂർണമായും തകർന്നു. ഈ സമയം വീട്ടുകാർ പുറത്തായിരുന്നു. മുന്നിൽ പോയ മറ്റൊരു ടാങ്കർ ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ ഇടിക്കാതിരിക്കാൻ ഇടത് വശത്തേക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടാണ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് പൊലീസ്, ഹൈവേ പൊലീസ്, ഹരിപ്പാട് എമർജൻസി റസ്ക്യു ടീം അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.