ചേർത്തല: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച കാർഷിക സെമിനാറിൽ കഞ്ഞിക്കുഴി പയറിന്റെ വ്യാപനത്തിനായി പ്രത്യേകം പദ്ധതിക്ക് രൂപം നൽകാൻ തീരുമാനം. ബാങ്ക് ഹാളിൽ നടന്ന സെമിനാർ കർഷക മിത്ര ടി.എസ്.വിശ്വൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഏറെ ഉത്പാദനവും വരുമാനവും ഉണ്ടാക്കാൻ കഴിയുന്ന പാഷൻ ഫ്രൂട്ട് വ്യാപകമായി കൃഷി ചെയ്യാൻ പ്രത്യേക കാർഷിക ഗ്രൂപ്പിന് ബാങ്ക് രൂപം നൽകും. കർഷകർ ഉത്പാദിപ്പിക്കുന്ന പാഷൻ ഫ്രൂട്ട് സംഭരിച്ച് വിപണനം നടത്തുന്നതിനെ സംബന്ധിച്ചും ബാങ്ക് ആലോചിക്കുന്നുണ്ട്. കാർഷിക ഉത്പന്നങ്ങളുടെ ആധുനിക മാർക്കറ്റിംഗ് സംവിധാനത്തെ സംബന്ധിച്ച് മാരാരി ഫ്രഷിന്റെ മാനേജിംഗ് ഡയറക്ടർ നിഷാദ്, കാർഷിക മേഖലയിലെ വൈവിദ്ധ്യവത്കരണത്തെപ്പറ്റി ജി.മണിയൻ, ടി.വി.വിക്രമൻ നായർ,ജി.ഉദയപ്പൻ എന്നിവർ ക്ലാസെടുത്തു.
ഭരണസമിതി അംഗങ്ങളായ ജി.മുരളി,വി.പ്രസന്നൻ, കെ.കൈലാസൻ, ടി.ആർ.ജഗദീശൻ, ടി.രാജീവ്,വി.എ.സാംജി, കെ.ഷൺമുഖൻ, അനിലാ ബോസ്, വിജയ മുരളീകൃഷ്ണൻ,കെ.സുരേഷ്, സെക്രട്ടറി പി.ഗീത എന്നിവർ സംസാരിച്ചു. കെ.ബി. ബൈന്ദ സ്വാഗതവും കാർഷിക ഉപദേശക സമിതി കൺവീനർ ജി. ഉദയപ്പൻ നന്ദിയും പറഞ്ഞു.