ഹരിപ്പാട്: ഇടതുപക്ഷ പ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. തോൽവിക്ക് തൊടുന്യായം കണ്ടെത്തുന്നതിൽ അത് പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.ശങ്കരനാരയണൻ തമ്പി ഫൗണ്ടേഷന്റെ ചെങ്ങളത്ത് രാമകൃഷ്ണപിള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇതിന് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുമ്പും തിരഞ്ഞെടുപ്പുകളിൽ മത സാമുദായിക വർഗീയ ശക്തികൾ ഇല്ലാതിരുന്നിട്ടില്ല. പക്ഷേ അവയെ മറികടക്കാൻ അന്ന് ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. ശബരിമലയിൽ സ്ത്രീകളെ കയറാൻ അനുവദിച്ചത് ഇടതുപക്ഷ തിരിച്ചടിക്ക് പ്രധാന കാരണമായിട്ടുണ്ടെന്ന പൊതു വിലയിരുത്തൽ വന്നിരിക്കുന്നുവെന്നും വി.എസ് പറഞ്ഞു.
ചെങ്ങളത്ത് രാമകൃഷ്ണപിള്ള പുരസ്കാരം വി.എസിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിച്ചു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നിയമസഭയുടെ അന്തസ് ഉയർത്താൻ പ്രയത്നിച്ച പ്രമുഖനായിരുന്നു ആർ.ശങ്കരനാരയണൻ തമ്പിയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കാനം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ഡി.അനീഷ് അദ്ധ്യക്ഷനായി. മന്ത്രി പി.തിലോത്തമൻ, ഭവന നിർമാണ ബോർഡ് ചെയർമാൻ പി.പ്രസാദ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, ടി.കെ.ദേവകുമാർ, ജി.കൃഷ്ണപ്രസാദ്, അഡ്വ.എ.ഷാജഹാൻ, എം.സത്യപാലൻ, മോഹൻ സിയാർ, ബിജു കൊല്ലശേരി, ആർ.ആനന്ദൻ, കെ.കാർത്തികേയൻ, പി.ബി.സുഗതൻ, യു.ദിലീപ്, ഒ.എ.ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ഹരിപ്പാട് നിയോജക മണ്ഡലത്തിലേയും വീയപുരം പഞ്ചായത്തിലേയും എസ്.എസ്.എൽ.സി, പ്ലസ്ടു എ പ്ലസുകാരെ ചടങ്ങിൽ ആദരിച്ചു.