s

ചേർത്തല: മുത്തശ്ശിയെ അടിച്ചു കൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് ഹരിജൻ കോളനിയിൽ ശാന്തയാണ് (72) കൊല്ലപ്പെട്ടത്. ശാന്തയുടെ മകളായ ഷീലയുടെ മകൻ അനന്തുവാണ് (27) കൊലപാതകം വെളിപ്പെടുത്തിക്കൊണ്ട് ഇന്നലെ രാത്രി 11.15ന് പട്ടണക്കാട് പൊലീസിൽ കീഴടങ്ങിയത്. നാടിനെ നടുക്കിയ സംഭവത്തിന്റെ കാരണം വ്യക്തമല്ല.

അരൂർ വട്ടക്കേരി ക്ഷേത്രത്തിനു സമീപമുള്ള കോളനിയിലാണ് അനന്തുവും ഷീലയും താമസിക്കുന്നത്. ശാന്തയ്ക്ക് ഹരി, ചന്ദ്രബോസ് എന്നീ രണ്ട് ആൺമക്കളുമുണ്ട്. ഇവർക്കൊപ്പമായിരുന്നു ശാന്തയുടെ താമസം. ചന്ദ്രബോസ് കാപ്പ കേസിൽപ്പെട്ട് ജയിലിലാണ്. അനന്തു ഇടയ്ക്കിടെ ശാന്തയുടെ വീട്ടിലെത്തുമായിരുന്നു. ഇന്നലെ രാത്രി കൊലപാതകം നടന്നപ്പോൾ ഈ വീട്ടിൽ ശാന്ത മാത്രമാണ് ഉണ്ടായിരുന്നത്. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് അനന്തുവിന്റെ കുറ്റസമ്മതം. പൊലീസ് സംഘം രാത്രിയിൽ വീട്ടിലെത്തി പരിശോധന നടത്തി.

ഒന്നേകാൽ വയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവം നടന്നത് ഈ കോളനിക്കു സമീപമുള്ള കൊല്ലംപള്ളി കോളനിയിലായിരുന്നു.