a

മാവേലിക്കര: കുറ്റിത്തെരുവ് റോഡിൽ പവർഹൗസ് ജംഗ്ഷന് വടക്ക് ഇന്നലെ പുലർച്ചെ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഇവരിൽ ഒരാളുടെ സംസ്‌കാര ചടങ്ങിനെത്തിയ ബന്ധുവായ യുവാവ് സുഹൃത്തിനൊപ്പം മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ചത് മറ്റൊരു ആഘാതമായി.

പുലർച്ചെ 12.55ന് നടന്ന കാറപകടത്തിൽ ചെട്ടികുളങ്ങര കൈതവടക്ക് കൃഷ്ണവിലാസം വീട്ടിൽ രാധാകൃഷ്ണപിള്ളയുടെയും സരളയുടെയും മകൻ ആർ. രഞ്ജിത്ത് (35), ഈരേഴ വടക്ക് അമ്പിയിൽ വേണുഗോപാലൻ നായരുടെയും ചന്ദ്രികയുടെയും മകൻ വി.വിനേഷ്‌കുമാർ (32) എന്നിവരാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് വൈദുതി പോസ്റ്റിൽ ഇടിച്ച ശേഷം ഓടയിലേക്ക് മറിയുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രഞ്ജിത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പന്തളം പൂഴിക്കാട് ഗ്രീഷ്മാലയത്തിൽ ഗോപിനാഥൻ നായരുടെയും ഗീതാകുമാരിയുടെയും മകൻ ദീപു ഗോപിനാഥാണ് (33) കണ്ടിയൂരിലുണ്ടായ അപകടത്തിൽ മരിച്ചത്.

അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് വിനേഷാണ്. വിനേഷിന്റെ ചെന്നിത്തലയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുംവഴിയായിരുന്നു അപകടം. വിദേശത്ത് ജോലി ചെയ്യുന്ന ഇരുവരും അവധിക്ക് നാട്ടിലെത്തിയതായിരുന്നു. രഞ്ജിത്തിന്റെ ഭാര്യ: ജ്യോതിലക്ഷ്മി (നഴ്‌സ്, കൊല്ലകടവ് സഞ്ജീവനി ആശുപത്രി). മകൾ: തീർത്ഥ (4). വിനേഷിന്റെ ഭാര്യ: ധനലക്ഷ്മി. മകൾ: വേദിക (എട്ട് മാസം). വിനേഷിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11ന് നടക്കും.

ദീപു ഗോപിനാഥ് സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന പൂഴിക്കാട് ഉണ്ണി വിലാസത്തിൽ ഉണ്ണിക്കൃഷ്ണനെ (26) പരിക്കുകളോടെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിൽ ഹാൻഡിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ദീപുവിന്റെ തലയിലൂടെ, പിന്നാലെയെത്തിയ കാകയറിയിറങ്ങുകയായിരുന്നു. സംസ്‌കാരം പിന്നീട്.