r

ചേർത്തല: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനാണ് മുത്തശ്ശിയെ തലയ്ക്കടിച്ചു കൊന്നതെന്ന് യുവാവ് പൊലീസിനു മൊഴി നൽകി. മരിച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനായിരുന്നു പ്രതിയുടെ തീരുമാനമെന്നും പൊലീസ് പറഞ്ഞു.

പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് ഹരിജൻ കോളനിയിൽ വെളുത്തേടത്തുവെളി വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്തയാണ് (72) ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഘാതകനാെ ചെറുമകൻ അരൂർ അക്ഷയനിവാസിൽ ഉത്തമന്റെ മകൻ അനന്തു (26) അന്നു രാത്രിതന്നെ പട്ടണക്കാട് പൊലീസിൽ കീഴടങ്ങിയിരുന്നു. ശാന്തയുടെ മകൾ ഷീലയുടെ പുത്രനാണ് അനന്തു.

പൊലീസ് പറയുന്നതിങ്ങനെ: നാലു ദിവസമായി അനന്തു മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി പണം ആവശ്യപ്പെട്ടെങ്കിലും ശാന്ത നൽകിയില്ല. തുടർന്ന് വീട്ടിലുണ്ടായിരുന്ന, വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഉപകരണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വലത് ചെവിയുടെ ഭാഗത്ത് മൂന്നു തവണ അടിയേറ്റു. ശാന്തയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെങ്കിലും മരണം ഉറപ്പായതോടെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. മൂന്ന് കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ നടന്നെത്തിയാണ് ഇയാൾ കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സംഘം വീട്ടിലെത്തി മരണം സ്ഥിരീകരിക്കുകയും വിടിന് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.

ഇന്നലെ വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി തെളിവുകളും രക്ത സാമ്പിളും ശേഖരിച്ചു. മൃതദേഹത്തിൽ മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറി. തലയോട്ടിയും കഴുത്തിന് പിൻഭാഗവും തകർന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ശാന്തയുടെ മറ്റു മക്കൾ:ഹരിദാസ്, ചന്ദ്രബോസ് (കാമറൂൺ), സുമ. കാപ്പ കേസിൽപ്പെട്ട് സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്ചന്ദ്രബോസ്. .

കഞ്ചാവ് കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എ.എസ്.പി ബി. വിശ്വനാഥ്, പട്ടണക്കാട് എസ്.ഐ അമൃതരംഗൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.