കായംകുളം : മാലിന്യം തിങ്ങിനിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട തോടുകളുടെ കരകളിൽ താമസിക്കുന്ന കുടുംബങ്ങൾ വെള്ളപ്പൊക്കഭീഷണിയിൽ. മഴ കടുത്തതോടെ തോട്ടിൽ നിന്നുള്ള മലിനജലം വീടുകളിലേക്ക് കയറാവുന്ന അവസ്ഥയിലാണ്. വെയർ ഹൗസിനു സമീപത്തെ തോട് , എം എസ് എം കോളേജ് ,ടി.എ മദർലാൻഡ് സ്കൂൾ എന്നിവയുടെ സമീപത്തുകൂടി കടന്നു പോകുന്ന തോട്, ഐക്യ ജംഗ്ഷൻ മുണ്ടകത്തിൽ ചീപ്പുംകരതോട് എന്നിവയുടെ കരകളിലുള്ളവരാണ് ദുരിതം അനുഭവിക്കുന്നത്.
പെയ്ത്തുവെള്ളം ഈ തോടുകളിലൂടെയാണ് ഒഴുകി മാറേണ്ടത്. മാലിന്യവും ചെളിയും നിറഞ്ഞതോടെതോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടു. മഴ കനക്കുമ്പോൾ വെള്ളം ഒഴുകി വീടുകളിലേക്കെത്തും.
നഗരത്തിനകത്തും പുറത്തുമുള്ള നിരവധി ഓടകളിൽ നിന്നുള്ള വെള്ളം ഒഴുകി എത്തുന്നതും ഈ തോടുകളിലേക്കാണ്.
മഴക്കാല പൂർവ ശുചീകരണം പേരിലൊതുങ്ങിയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. മിക്ക വാർഡുകളിലും ഓടകൾ അടഞ്ഞു കിടക്കുന്നതും ദുരിതം ഇരട്ടിയാക്കുന്നു.