മാവേലിക്കര: അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടഭാഗം പൊളിച്ചുനീക്കാൻ ഉടമയോ പഞ്ചായത്ത് അധികതരോ തയ്യാറാവുന്നില്ലെന്നു പരാതി. മൂന്നാംകുറ്റി ജംഗ്ഷനിലെ ബഹുനില കെട്ടിടത്തോട് ചേർന്ന് റോഡിലേക്ക് ഇറക്കി നടത്തിയ നിർമ്മാണമാണ് വിവാദമായിരിക്കുന്നത്.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയും റോഡിൽ നിന്ന് മൂന്ന് മീറ്റർ ദൂരപരിധി ലംഘിച്ചുമാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്ക് ലഭിച്ചിരുന്നു. തുടർന്ന് നിർമ്മാണം നിറുത്തിവയ്ക്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും കെട്ടിടം ഉടമ തയ്യാറായില്ല. പിന്നീട് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്റ്റോപ് മെമ്മോ നൽകുകയായിരുന്നു.
ഇതോടെ നിർമ്മാണം നിറുത്തിവച്ചെങ്കിലും പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശപ്രകാരം പെർമിറ്റ് അപേക്ഷ നൽകാനോ അനധികൃത നിർമ്മാണം പൊളിച്ചുനീക്കാനോ ഇതുവരെ ഉടമ തയ്യാറായിട്ടില്ല. നാൽക്കവലയിൽ മതിൽക്കെട്ടിനുള്ളിൽ റോഡിനോട് ചേർന്നാണ് നിർമ്മാണം. ബെയ്സ്മെന്റും പില്ലറുകളും മേൽക്കൂരയുടെ ബീമും വാർത്തുകഴിഞ്ഞു. പെർമിറ്റ് അപേക്ഷ നൽകിയില്ലെങ്കിൽ നിർമ്മാണം പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
.....................................
'നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിക്കുകയും സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു. പെർമിറ്റ് അപേക്ഷ നൽകണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ വിശദമായ റിപ്പോർട്ട് വാങ്ങിയ ശേഷം തുടർ നടപടി സ്വീകരിക്കും'
(പഞ്ചായത്ത് സെക്രട്ടറി)