ആലപ്പുഴ: മഴ തുടങ്ങിയതോടെ പറവൂർ ബീച്ച് റോഡിൽ, അല്പമെങ്കിലും സഞ്ചാരയോഗ്യമായിരുന്ന ഭാഗം കൂടി പൊട്ടിപ്പൊളിഞ്ഞു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയാണ് ആകെ നാശമുണ്ടാക്കിയത്.
റോഡ് നന്നാക്കാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നാട്ടുകാർ വലിയ പ്രതിഷേധ സമരങ്ങളാണ് നടത്തിയത്. എന്നിട്ടും ഫലം കണ്ടില്ല. ചെറിയ മഴ തുടങ്ങിയപ്പോൾത്തന്നെ റോഡിൻെറ ഗതി അധോഗതിയായി. എെ.എം.എസ് ധ്യാന കേന്ദ്രത്തിലേക്കും സെൻറ് ജോസഫ് ഹൈസ്കൂളിലേക്കുമുള്ള റോഡ് കൂടിയാണിത്. കഴിഞ്ഞദിവസം ഒരമ്മയും മകളും റോഡിലെ കുഴിയിൽ വീണു. നാട്ടുകാർ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഇരുചക്ര വാഹനക്കാർ ഉൾപ്പെടെയുള്ളവർ ഇവിടെ വീഴുന്നത് പതിവാണ്. ഓട്ടോറിക്ഷക്കാരാണ് ഏറെ വലയുന്നത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്നവരുടെ നടുവൊടിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ!