photo

# പ്രദേശത്ത് കടലാക്രമണം രൂക്ഷം

ചേർത്തല: ഒ​റ്റമശേരി തീരത്ത് കടലാക്രമണം ശക്തമായി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ 520 മീ​റ്ററോളം തീരമാണ് കടൽഭിത്തിയില്ലാതെ പ്രതിസന്ധി നേരിടുന്നത്.

ശക്തമായ തിരയെത്തുടർന്ന് അഞ്ചു വീടുകളാണ് തകർച്ചാ ഭീഷണി നേരിടുന്നത്. നിരവധി വൃക്ഷങ്ങളും മ​റ്റും കടലെടുത്തു. പള്ളിപ്പറമ്പ് മനോജ്, പള്ളിപ്പറമ്പിൽ ചിന്നൻ, കൊച്ചുകടപ്പുറത്ത് ചന്ദ്രമതി, കുന്നുമ്മേൽ സാലസ്, മുതുകേൽ ഏലിക്കുട്ടി ക്ലീ​റ്റസ് എന്നിവരുടെ വീടുകൾ ഏതു നിമിഷവും കടലെടുക്കാവുന്ന നിലയിലാണ്. ഇവരെ മാ​റ്റിപ്പാർപ്പിക്കാൻ ദുരന്തനിവാരണ സമിതി നടപടികളാരംഭിച്ചെങ്കിലും പ്രദേശവാസികൾ വീടുവിട്ട് പോകാൻ തയ്യാറാകാതെ പ്രതിഷേധവുമായി നിലയുറപ്പിച്ചിരിക്കുകയാണ്. തുടർന്ന് അധികൃതർ ശ്രമം ഉപേക്ഷിച്ചു.
ഇതിനിടെ വീടുകൾ സംരക്ഷിക്കാൻ മണൽചാക്കുകൾ അടുക്കിത്തുടങ്ങി. ജലസേചന വകുപ്പിലെ ഉന്നത അധികൃതർ സ്ഥലത്തെത്തി ക്രമീകരണങ്ങൾ ആരംഭിച്ചെങ്കിലും കല്ല് ഇതുവരെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

 വീടുകൾക്ക് സംരക്ഷണം വേണം

ചേർത്തല: ജില്ലയുടെ തീരത്ത് കടലാക്രമണ പ്രദേശങ്ങളിലെ വീടുകൾക്ക് സംരക്ഷണമൊരുക്കുന്നതിൽ ജില്ലാ ഭരണകൂടം പരാജയമായെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മി​റ്റി ആരോപിച്ചു. പ്രളയകാലത്ത് ജീവൻ പണയംവച്ച് ദിവസങ്ങളോളം രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ വീടുകൾ കടലെടുക്കുമ്പോഴാണ് ഭരണകൂടം കാഴ്ചക്കാരായി നിൽക്കുന്നത്. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് തീരത്തെ വീടുകൾ സംരക്ഷിക്കാൻ ജിയോട്യൂബുകൾ ഉപയോഗപ്പെടുത്തുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. പ്രവർത്തനങ്ങൾ വൈകിപ്പിച്ച് മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് കുടിയൊഴിപ്പിക്കാനുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്നും യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ആശ്രയംരാജു, സെക്രട്ടറി ആന്റണി കുരിശിങ്കൽ, സിബി ഡാനിയേൽ, കെ.പി.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.