വള്ളികുന്നം: നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ചൂനാട്- താമരക്കുളം റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാത്തതിൽ പ്രതിഷേധമുയരുന്നു. തകർന്നു കിടക്കുന്ന റോഡിലെ വലിയ കുഴികൾ കാരണം ഇതുവഴിയുള്ള യാത്ര ദുരിതമാണ്. വള്ളികുന്നത്തുകൂടി കടന്നു പോകുന്ന പ്രധാന റോഡായ ഇത്
കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ്പുനർനിർമ്മിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വള്ളികുന്നം കാത്തിരത്തുംമൂട്ടിൽ മന്ത്രി ജി.സുധാകരനാണ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്.
കൊല്ലം ജില്ലയിൽ വെറ്റമുക്കിൽ നിന്ന് തേവലക്കര - ശാസ്താംകോട്ട, മണപ്പള്ളി- കാഞ്ഞിരത്തുംമൂട്, കൽക്കുളത്താൽ പാലം ,പള്ളം തെക്ക് പാലം, എന്നിവയുടെയും ചൂനാട്- താമരക്കുളം റോഡിന്റെയും പുനർ നിർമ്മാണത്തിനായി 62.53 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചത്. നിർമ്മാണം കിഫ്ബിക്ക് കൈമാറിയത് മൂലം റോഡിന്റെ അറ്റകുറ്റപ്പണി പൊതുമരാമത്തു വകുപ്പ് നടത്താതെയായി.
റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
ഇതോടൊപ്പം തന്നെ പുനർനിർമ്മാണം തുടങ്ങേണ്ട കൽക്കുളത്താൽ പാലവും പളളം തെക്കുള്ള പാലവും കാലപ്പഴക്കം മൂലം അപകടഭീഷണിയിലാണ്. പാലത്തിന് അറുപത് വർഷത്തോളം പഴക്കമുണ്ട്.കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാൻ പറ്റുന്ന ഈ ഇടുങ്ങിയ പാലങ്ങളുടെ കൈവരികൾ തകർന്നതും, ഇവിടങ്ങളിലെ തെരുവു വിളക്കുകൾ കത്താത്തതും മൂലം രാത്രികാലത്ത് ഇതുവഴിയുള്ള യാത്ര അപകടകരമാണ്.
കൂടാതെ പാലത്തിന്റെ അടിഭാഗത്തെ സിമൻറ് പാളികൾ ഇളകി. കമ്പികൾ തുരുമ്പിച്ചും പാലത്തിന്റെ അടിത്തറ ഇളകിയ നിലയിലുമാണ് .സ്‌കൂൾ ബസുകളടക്കം നൂറു കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്. പാലങ്ങളുടേയും റോഡുകളുടേയും നിർമ്മാണ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.