ഹരിപ്പാട്: കാലവർഷത്തിന് കനംവച്ചു തുടങ്ങിയതോടെ ഏത് നേരവും തകർന്നുവീഴാവുന്ന വീട്ടിൽ ജീവഭയത്തോടെ കഴിയുകയാണ് ആറാട്ടുപുഴ പഞ്ചായത്തിലെ 12ാം വാർഡിൽ നല്ലാണിക്കൽ മഞ്ഞാണിപുതുവൽ മീനാക്ഷിയും കുടുംബവും.
വിവിധ പദ്ധതികൾ പ്രകാരം വീടിന് അപേക്ഷകൾ നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വാർദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടുന്ന മീനാക്ഷിയോടൊപ്പം (85) മത്സ്യത്തൊഴിലാളിയായ മകൻ ശശികുമാർ (45), മരുമകൾ സിന്ധു (41), ഭിന്നശേഷിക്കാരനായ കൊച്ചുമകൻ ആകാശ് (19) എന്നിവരാണുള്ളത്. മൂന്ന് വർഷം മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഇവരുടെ വീട് ഭാഗികമായി തകർന്നത്. മേൽകൂരയ്ക്ക് പകരം പ്ളാസ്റ്റിക് ഷീറ്റ് കെട്ടിയെങ്കിലും ചുവരുകൾ അടർന്ന് വീഴാവുന്ന സ്ഥിതിയിലാണ്. മഴ ശക്തമാവുമ്പോൾ കീറിയ ഷീറ്റുകൾക്കിടയിലൂടെ വീട്ടിൽ വെള്ളക്കെട്ടാകും.
പഞ്ചായത്തിൽ നിരവധി തവണ അപേക്ഷ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മീനാക്ഷി പറയുന്നു. വീടിന്റെ അടിത്തറ വരെ പൊട്ടി അടർന്ന അവസ്ഥയിലാണ്. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിന് നൽകിയ അപേക്ഷ, കട്ട കെട്ടിയ ഭിത്തിയാണെന്ന പേരിൽ തള്ളുകയായിരുന്നുവെന്ന് വാർഡ് മെമ്പർ രത്നമ്മ രാജേന്ദ്രൻ പറഞ്ഞു.