മാവേലിക്കര: ഡോക്ടർ ദമ്പതികളുടെ മകന് എൻജിനീയറിംഗ് എൻട്രൻസിൽ അഞ്ചാം റാങ്ക്. കല്ലുമല കനവിൽ ഡോ.ഷാജിയുടെയും (മാത്യു വർഗീസ്) ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ജമുനാ വർഗീസിന്റെയും മകൻ മെവിറ്റിനാണ് എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ അഞ്ചാം റാങ്കോടെ മിന്നുന്ന വിജയം നേടിയത്.
കല്ലുമലയിൽ സ്വകാര്യ ആശുപത്രി നടത്തുകയാണ് ഡോ.ഷാജി. പത്താം ക്ലാസ് വരെ ബിഷപ് മൂർ വിദ്യാപീഠത്തിൽ പഠിച്ച മെവിറ്റ് കോട്ടയം മാന്നാനം കെ.ഇ സ്കൂളിലാണ് പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. പാലാ ബ്രില്ല്യൻസിൽ കോച്ചിംഗ് ക്ലാസ് നാഷണൽ ടാലന്റ് സ്കോളർഷിപ്പും കെ.വി.പി.വൈ സ്കോളർഷിപ്പും നേടി. സ്കൂൾ തലത്തിൽ പലതവണ പ്രസംഗ മത്സരങ്ങളിൽ നേട്ടം കൈവരിച്ചിട്ടുണ്ട്. എം.ടിയുടെയും ഒ.വി. വിജയന്റെയും സ്റ്റീഫൻ ഹോക്കിംന്റെയും ആരാധകനാണ്. എൻജിനീയറിംഗിൽ ഗവേഷണമാണ് ലക്ഷ്യം. സഹോദരൻ ഡോ.മോഹിത് മാത്യു കാരക്കോണം മെഡിക്കൽ കോളേജിൽ എം.എസ് ചെയ്യുന്നു.