ചേർത്തല: താലൂക്കിലെ ഒട്ടുമിക്ക മേഖലകളിലും കനത്ത മഴ ദുരിതം വിതയ്ക്കുന്നു.
ഞായറാഴ്ച തുടങ്ങിയ മഴയിൽ ഏഴുവീടുകൾ ഭാഗികമായി തകർന്നു. കാറ്റിൽ മരംവീണാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്.1.53 ലക്ഷത്തിന്റെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. നഗരത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവേശനകവാടം വെള്ളത്തിലായി. ചേർത്തല അരൂക്കുറ്റി റോഡിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനു സമീപവും റോഡ് വെള്ളത്തിലായി. തീരദേശ പഞ്ചായത്തുകളിലേതുൾപ്പെടെ 325 വീടുകൾ വെള്ളത്തിലായി. കടക്കരപ്പള്ളി, ചേർത്തലതെക്ക്,വയലാർ,പട്ടണക്കാട്, തണ്ണീർമുക്കം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട്. ഇവിടങ്ങളിൽ ഏതുസമയവും ക്യാമ്പുകൾ തുറന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ റവന്യു അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വില്ലേജ് ഓഫീസർമാരുടെ യോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. രണ്ടു ദിവസങ്ങളിലായി പഞ്ചായത്ത് തലത്തിൽ യോഗം കൂടാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് തഹസിൽദാർ കെ.ആർ. രാജേന്ദ്രബാബു പറഞ്ഞു.