ആലപ്പുഴ:നഷ്ടക്കണക്ക് കൂട്ടിക്കിഴിച്ച് ഓർഡിനറി സർവീസുകൾ കൂട്ടമായി കെ.എസ്.ആർ.ടി.സി നിറുത്തലാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായി. സ്കൂൾ, ഓഫീസ് സമയങ്ങളിൽ ആവശ്യത്തിന് സർവീസുകളില്ലാത്തത് കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിൽ വലിയ യാത്രാക്ളേശമാണുണ്ടാക്കുന്നത്. യാത്രക്കാർ കുറവാണെന്ന ന്യായം കാട്ടിയാണ് പല സർവീസുകളും നിറുത്തിയത്.

കുട്ടനാട്ടുകാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. മങ്കൊമ്പ് വഴി ചമ്പക്കുളം ഉൾപ്പെടെ ഇടറൂട്ടുകളിലേക്കുള്ള സർവീസുകളാണ് ഇവിടെ വെട്ടിക്കുറച്ചത്. നിലവിൽ 4 റൂട്ടുകളിലെ ഓർഡിനറി സർവീസുകളും ഫാസ്റ്റ് പാസഞ്ചർ സർവീസുകളുമാണ് വരുമാനത്തിൽ ആലപ്പുഴ ഡിപ്പോയെ താങ്ങിനിറുത്തുന്നത്. ആലപ്പുഴയിൽ നിന്ന് ഹരിപ്പാട്,തിരുവല്ല,ചേർത്തല,വൈക്കം റൂട്ടുകളിലേക്കുള്ള ഓർഡിനറി സർവീസുകളാണ് ലാഭത്തിലുള്ളത്. മറ്റ് പ്രദേശങ്ങളിൽ നിന്ന് മിക്ക മാസങ്ങളിലും കുറവ് കളക്ഷനാണ് ലഭിക്കുന്നത്. തിരുവല്ല റൂട്ടിൽ ഏകദേശം 16000 രൂപ പ്രതിദിന കളക്‌ഷനുണ്ട്. ഉൾപ്രദേശങ്ങളിലേക്കുള്ള സർവീസുകളിലാകട്ടെ ഇത് 6000നും 7000നും ഇടയിൽ മാത്രമാണ്.

സ്വകാര്യ ബസുകളുമായുള്ള മത്സരയോട്ടവും കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. തോട്ടപ്പള്ളി - വലിയഴീക്കൽ റൂട്ടിൽ സർവീസ് ലാഭമായതോടെ നാല് ഷെഡ്യൂളുകൾ അധികമായി തുടങ്ങി.

മുഹമ്മ ഭാഗത്തേക്കുള്ള സർവീസ് കുറച്ചതിനെതിരെ യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്. പാലംപണി കാരണം കഞ്ഞിക്കുഴി - മുഹമ്മ സർവീസ് പൂർണമായും നിറുത്തി. മുഹമ്മ ,കൈപ്പുഴ വഴി കുമരകത്തേക്കുള്ള സർവീസും കളക്‌ഷൻ കുറവാണെന്ന കാരണം പറഞ്ഞ് നടത്തുന്നില്ല.

സർവീസുകൾ വെട്ടിക്കുറച്ച റൂട്ടുകൾ

 മങ്കൊമ്പ് വഴി ചമ്പക്കുളം

 പൂപ്പള്ളി വഴി ചമ്പക്കുളം

 ആലപ്പുഴയിൽ നിന്ന് മുഹമ്മ വഴി കുമരകം

ലെവൽ ക്രോസിൽ തട്ടി

തകഴി-കുന്നുമ സർവീസ്

ലെവൽ ക്രോസുകളിൽ കൂടുതൽ സമയം കിടക്കേണ്ടി വരുന്നതിനാൽ സമയക്രമം പാലിക്കാൻ കഴിയുന്നില്ലെന്ന കാരണം പറഞ്ഞാണ് തകഴി-കുന്നുമ സർവീസ് നിറുത്തിയത്. രണ്ട് ലെവൽ ക്രോസുകളാണ് ഈ റൂട്ടിലുള്ളത്. മിക്കപ്പോഴും ബസ് എത്തുമ്പോൾ ലെവൽ ക്രോസ് അടഞ്ഞുകിടക്കുകയായിരിക്കും.

വരുമാനത്തിൽ ആലപ്പുഴ

3.5 - ആലപ്പുഴ ഡിപ്പോയുടെ പ്രതിമാസ വരുമാനം 3.5 കോടി

11- പ്രതിദിനം ശരാശരി 11 ലക്ഷം രൂപയാണ് കളക്‌ഷൻ

5.6 - ആകെ കളക്ഷനിൽ 5.6 ലക്ഷവും ലഭിക്കുന്നത് ഓർഡിനറി സർവീസുകളിൽ നിന്ന്

16000 - ആലപ്പുഴ - തിരുവല്ല റൂട്ടിൽ ഒരു സർവീസിന്റെ പ്രതിദിന കളക്‌ഷൻ ശരാശരി 16000 രൂപ

'' കളക്‌ഷൻ കുറവുള്ള സ്ഥലങ്ങളിൽ മാത്രമേ സർവീസ് വെട്ടിക്കുറച്ചിട്ടുള്ളൂ. കഞ്ഞിക്കുഴി പാലം തുറന്ന് കഴിഞ്ഞാൽ അവിടുത്തെ പ്രശ്നത്തിന് പരിഹാരം കാണും. ചേർത്തല,വൈക്കം,തിരുവല്ല,ഹരിപ്പാട് ഓർഡിനറി സർവീസുകൾ ലാഭത്തിലാണ്. മുമ്പ് നിറുത്തിയ ചില സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിക്കുന്നുണ്ട്. ലാഭകരമാണെങ്കിൽ ഇവിടങ്ങളിൽ സർവീസ് വീണ്ടും തുടങ്ങും.

- വി.അശോക് കുമാർ,അസി.ട്രാൻസ്പോർട്ട് ഓഫീസർ