tt

ആലപ്പുഴ: കെ.ആർ.ഗൗരിഅമ്മയുടെ ജന്മശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ 21ന് ആലപ്പുഴയിൽ തുടങ്ങും. ഡൽഹി, അഹമ്മദാബാദ് ഉൾപ്പെടെയുള്ള മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തും സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനറും ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റുമായ അഡ്വ. എ.എൻ. രാജൻബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മിഥുനത്തിലെ തിരുവോണമാണ് ഗൗരിഅമ്മയുടെ പിറന്നാൾ. പിറന്നാൾ പിറക്കുന്ന 21 ന് രാവിലെ 11ന് ശക്തി ആഡിറ്റോറിയത്തിൽ ജന്മദിനാഘോഷ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. കെ.ആർ.ഗൗരിഅമ്മ- ഒരുനേർക്കണ്ണാടി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം വി.എസ്.അച്യുതാനന്ദനും കെ.ആർ.ഗൗരിഅമ്മ ഫൗണ്ടേഷൻെറ ഉദ്ഘാടനം ഉമ്മൻചാണ്ടിയും നിർവഹിക്കും.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഗൗരിഅമ്മയെപ്പറ്റിയുള്ള പുസ്തകം പ്രകാശനം ചെയ്യും.

11.45ന് പിറന്നാൾ കേക്ക് മുറിക്കലും ആദരിക്കലും. 3000 പേർക്ക് വിഭവസമൃദ്ധമായ പിറന്നാൾ സദ്യ. കാട്ടുകുളം സലിം, ആർ.പൊന്നപ്പൻ, അഡ്വ. സഞ്ജീവ് സോമരാജൻ, കെ.വി.ഭാസി, സി.എം.അനിൽകുമാർ, ടി.കെ.സുരേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.