palam

# വിനോദ സഞ്ചാരികളെയും പാലം ലക്ഷ്യമിടുന്നു

കായംകുളം: അക്കരെയിക്കരെ കടക്കാൻ മാത്രമല്ല, വിനോദ സഞ്ചാര വികസനം കൂടി ലക്ഷ്യമിട്ടാണ് പുതുപ്പള്ളി കൂട്ടും വാതുക്കൽ കടവ് പാലത്തിന്റെ കടന്നുവരവ്. മന്ത്രി ജി. സുധാകരന്റെ പ്രത്യേക താത്പര്യത്തിൽ സഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിൽ പാലത്തിന് പുതിയ രൂപരേഖ തയ്യാറാക്കുകയാണ് പൊതുമരാമത്ത് വകുപ്പ് എൻജിനീയറിംഗ് വിഭാഗം. കായംകുളം പൊഴിക്ക് സമീപമാണ് പാലം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ കായൽ സൗന്ദര്യവും അസ്തമയ ദൃശ്യവും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ലോകോത്തര മികവിലാവും പാലം പൂർത്തിയാവുന്നത്.

കണ്ടല്ലൂർ - ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ കടവ് പാലം നിർമ്മാണം ‌ഈ സർക്കാരിന്റെ കാലത്തുതന്നെ തുടങ്ങാനാണ് ശ്രമം. പാലം നിർമ്മാണത്തിനും സ്ഥലമെടുപ്പിനുമായി 65 കോടി രൂപയോളം വേണ്ടിവരുമെന്നാണ് കരുതുന്നത്. പ്രാഥമിക ഡിസൈൻ നേരത്തെ പൂർത്തിയായിരുന്നു. ഇതാണ് പരിഷ്കരിക്കുന്നത്.

മൂന്നുമാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പാലം നിർമ്മാണത്തിന് നാല് വർഷം മുൻപ് തന്നെ സംസ്ഥാന ബഡ്ജറ്റിൽ പണം നീക്കിവച്ചെങ്കിലും യാത്രക്കാർ കുറവായതിനാൽ പാലം ലാഭകരമല്ലന്ന ചീഫ് എൻജിനീയരുടെ റിപ്പോർട്ടിനെ തുടർന്ന് നടപടികൾ മരവിപ്പിച്ചിരുന്നു.

ജില്ലയുടെ തെക്കേ അതിർത്തിയിലുള്ള കടത്തുകടവായ കൂട്ടും വാതുക്കൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാവും. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ 8 മുതൽ 11വരെയുള്ള വാർഡുകളും ദേവികുളങ്ങര പഞ്ചായത്തിലെ 12–ാം വാർഡും ആറാട്ടുപുഴ പഞ്ചായത്തിലെ 5–ാം വാർഡും ഉൾക്കൊള്ളുന്ന പ്രദേശമാണിത്. ദേവികുളങ്ങര പഞ്ചായത്തിലെ കുമ്പിളിശേരി വാർഡിൽ ആയിരത്തിലേറെ ആളുകളാണ് താമസിക്കുന്നത്.

# ഒന്നിനു പകരം പത്ത്!

കായലിന് അപ്പുറം കേവലം ഒരു കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഹോമിയോ–ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ തുടങ്ങി ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്താൻ മൂന്നു ബസുകൾ കയറി 10 കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. പാലം വന്നാൽ കണ്ടല്ലൂർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ ഓച്ചിറ, ആയിരംതെങ്ങ് ഭാഗങ്ങളിൽ എത്തിച്ചേരാനാകും. കൂടാതെ കണ്ടല്ലൂർ നിവാസികൾക്ക് ദേവികുളങ്ങര വടക്കേആഞ്ഞിലിമൂട് വഴി ദേശീയപാതയിൽ എത്താനും കഴിയും.