ആലപ്പുഴ: കടലാക്രമണം രൂക്ഷമായ ചേർത്തല ഒറ്റമശേരി ഭാഗത്തെ വീടുകൾക്ക് സംരക്ഷണം നൽകാനുള്ള കല്ലിടൽ മൂന്നുദിവസത്തികം ആരംഭിക്കുമെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു. ഒറ്റമശേരിയിൽ കടലാക്രമണം നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കടൽ തീരത്തോടു ചേർന്നുള്ള വീടുകളുടെ ഭാഗത്ത് കല്ലിടുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന്കളക്ടർ പറഞ്ഞു.
ഒറ്റമശേരി ഭാഗത്ത് മൂന്നു പുലിമുട്ടുകൾ ആവശ്യമാണെന്ന് ബോദ്ധ്യമായിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് നൽകും. മണൽച്ചാക്ക് ഇടുന്ന ഭാഗത്ത് കടലാക്രമണം കുറയ്ക്കാനായി ആവശ്യപ്പെടുന്നിടത്തോളം പ്ലാസ്റ്റിക് ടാർപോളിൽ അടിയന്തരമായി എത്തിക്കും. പുലിമുട്ടുകളുടെ കാര്യത്തിൽ ഐ.ഐ.ടി റിപ്പോർട്ട് വന്നാൽ ഇറിഗേഷൻ വകുപ്പ് തുടർ നടപടികൾ വേഗത്തിൽ ചെയ്യും. ഏറ്റവും അപകടാവസ്ഥയിലായ വീടുകൾക്ക് സമീപം മണൽചാക്ക് നിറയ്ക്കുന്നതിനുള്ള മണൽ അടിയന്തരമായി 18 ന് തന്നെ എത്തിക്കാൻ കളക്ടർ റവന്യു ഉദ്യോഗസ്ഥർക്കും ഇറിഗേഷൻ വകുപ്പിനും നിർദ്ദേശം നൽകി.
ഒറ്റമശേരിയിലും കാട്ടൂരിൽ നാലിടത്തും അമ്പലപ്പുഴയിൽ എട്ടിടങ്ങളിലും കല്ല് നിക്ഷേപിച്ച് വീടുകൾ സംരക്ഷിക്കാനുള്ള ടെൻഡർ നടപടികൾ നടക്കുകയാണ്. ഈ ജോലികൾക്ക് അടിയന്തരമായി ആവശ്യമുള്ള പണം ഇറിഗേഷൻ ചീഫ് എൻജിനീയറുടെ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ടെന്ന് ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ഹരൺബാബു പറഞ്ഞു. ഒറ്റമശേരിയിൽ 40 മീറ്റർ ഭാഗമാണ് ടെൻഡർ ചെയ്തിരിക്കുന്നത്. ഇവിടെ 13 വീടുകൾ അപകടാവസ്ഥയിലും കടലാക്രമണ ഭീഷണിയിലുമാണ്. അഞ്ചു വീടുകളുടെ നില ഏറെ മോശമാണ്. കളക്ടറോടൊപ്പം ചേർത്തല തഹസിൽദാർ പി.ജി. രാജേന്ദ്രബാബു, റവന്യു ഉദ്യോഗസ്ഥർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
.......................................
# കൈത്താങ്ങായി എ.ഡി.ആർ.എഫ്
ഒറ്റമശേരിയിൽ കടലാക്രമണമുണ്ടായ ഭാഗത്ത് മണൽ ഭിത്തിയൊരുക്കാനും മണൽച്ചാക്ക് നിക്ഷേപിക്കാനും ആലപ്പി ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും രംഗത്തുണ്ട്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെ അടിയന്തര സാഹചര്യങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനത്തിന് നിയോഗിക്കാനായി രൂപം നൽകിയതാണ് ആലപ്പി ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്. 40 പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ഒറ്റമശേരിയിൽ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ എത്തി മണൽച്ചാക്ക് നിരത്തുന്ന ജോലികളിൽ ഏർപ്പെട്ടു.