കുട്ടനാട്: വീണ്ടുമൊരു നെഹ്രുട്രോഫി ജലമേള വിളിപ്പാടകലെ എത്തിനിൽക്കവേ, ഗാലറികളെ ഇളക്കിമറിക്കും വിധം ദൃക്സാക്ഷി വിവരണം നടത്തിയിരുന്ന വി.വി. ഗ്രിഗറിക്കു പിന്നാലെയെന്നോണം ശിഷ്യൻ ജോസഫ് ഇളംകുളവും മൈക്ക് കൈമാറി യാത്രയായി.
അർബുദ ബാധയെത്തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയവേയാണ് ചമ്പക്കുളം ഇളംകുളം വീട്ടിൽ ജോസഫ് ഇളംകുളം (56) ഇന്നലെ പുലർച്ചെ മരണത്തിനു കീഴടങ്ങിയത്. ഒഴുകിയെത്തുന്ന വാചകങ്ങളിലൂടെ വള്ളംകളികളുടെ ആവേശം വാനോളം ഉയർത്തിയിരുന്ന ജോസഫ് ഇളംകുളം, ഗുരുവായ ഗ്രിഗറി കളമൊഴിഞ്ഞ ശേഷം വള്ളംകളി വേദികളിൽ ഒഴിവാക്കാനാവാത്ത ആളായി മാറി. നെഹ്രുട്രോഫി ജലമേളയുടെ തത്സമയ വിവരണം ആകാശവാണിക്കും പകർന്നു നൽകി ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുടെ മനസ് പുന്നമടയിലെത്തിക്കാൻ ഇളംകുളത്തിനു കഴിഞ്ഞു. കുപ്പം ജലമേള, മലബാര്‍ ജലോത്സവം, പഴയങ്ങാടി ജലോത്സവം, ചെറുവത്തൂരിലെ മഹാത്മാഗാന്ധി ട്രോഫി ജലോത്സവം എന്നിവിടങ്ങളിലെ പതിവുസാന്നിദ്ധ്യമായിരുന്നു ജോസഫ് ഇളംകുളം.
വള്ളംകളി ദൃക്സാക്ഷി വിവരണ രംഗത്തെ അഗ്രഗണ്യനായിരുന്ന ആലപ്പുഴ ജില്ലാക്കോടതി വാർഡ് വൈപ്പുംമഠത്തിൽ വി.വി. ഗ്രിഗറി 68-ാമത്തെ വയസിൽ 2015 ആഗസ്റ്റിലെ നെഹ്രുട്രാഫിക്കു ശേഷമാണ്, അർബുദ ബാധിതനായിരിക്കെ മരിക്കുന്നത്. വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത പുന്നമടയിൽ നെഹ്രുട്രോഫിയുടെ ആരവം ഉയരുന്നത് ആ വർഷം കിടക്കയിൽ കിടന്ന് ടെലിവിഷനിലൂടെയാണ് ഗ്രിഗറി കണ്ടത്. 1970 മുതൽ വള്ളംകളി കമന്റേറ്ററായിരുന്നു ഗ്രിഗറി. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായിരുന്ന ജോസഫ് ഇളംകുളത്തിന്റെ മരണവും അർബുദത്തിന്റെ ട്രാക്കിലൂടെ ആയിരുന്നുവെന്നത് വിധിവൈപരീത്യമായി.
കേരള റോവിംഗ് ആന്‍ഡ് പാഡ്‌ലിംഗ് ബോട്ട് ക്ലബ് അസോസിയേഷന്‍, കേരള ബോട്ട് റേസ് ലീഡേഴ്‌സ് ഫൗണ്ടേഷന്‍ ഭാരവാഹി, എന്‍.ടി.ബി.ആര്‍ സൊസൈറ്റി കമ്മിറ്റി അംഗം, നടുഭാഗം പുത്തന്‍ചുണ്ടന്‍ എക്‌സിക്യുട്ടീവ് അംഗം... ജലമേളകളുമായി ബന്ധപ്പെട്ട ഒരു പിടി സംഘടനകളുടെ ഭാരവാഹി കൂടിയായിരുന്നു ഇളംകുളം.