അമ്പലപ്പുഴ: വാടയ്ക്കൽ സാഗര സഹകരണ ആശുപത്രിയിൽ ആദ്യമായി നടന്ന തോളെല്ല് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയം. ഓർത്തോ പീഡിക് സർജൻ ഡോ.ജഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ഒരു വർഷമായി ഇടതു തോളെല്ലിലെ പരിക്കുമൂലം അസഹനീയ വേദന അനുഭവിച്ചിരുന്ന ആര്യാട് സ്വദേശിയായ 62 കാരിയാണ് ശസ്ത്രക്രിയയെ തുടർന്ന് സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. തോളിലുണ്ടാകുന്ന തേയ്മാനം മൂലം ദുരിതമനുഭവിക്കുന്നവർക്ക് ടോട്ടൽ തോളെല്ല് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയോ, റിവേഴ്സ് തോളെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയോ ചെയ്യുന്നതിലൂടെ പൂർണമായും സുഖം പ്രാപിക്കാൻ കഴിയുമെന്ന് ഡോ. ജഫേഴ്സൺ പറഞ്ഞു. അനസ്തേഷ്യസ്റ്റ് ഡോ.ബിനോയി റോബിൻ സ്, അനസ്തേഷ്യ ടെക്നീഷ്യൻ ശ്രുതികുമാർ തുടങ്ങിയവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. സന്ധി മാറ്റിവയ്ക്കൽ, നട്ടെല്ലിനുള്ള ശസ്ത്രക്രിയ, താക്കോൽദ്വാര ശസ്ത്രക്രിയകൾ, മുട്ടു മാറ്റിവയ്ക്കൽ തുടങ്ങി അസ്ഥി സംബന്ധമായ എല്ലാ ശസ്ത്രക്രിയകളും കുറഞ്ഞ ചിലവിൽ സാഗര ആശുപത്രിയിൽ നടക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യ ഇൻഷ്വറൻസ് കാർഡ്, പി.എം.ജെ.വൈ കാർഡ് എന്നിവ ആശുപത്രിയിൽ സ്വീകരിക്കുമെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ.എൻ. അരുൺ, സെക്രട്ടറി ഡോ.പി.എൻ. അജിത് കുമാർ എന്നിവർ അറിയിച്ചു.