അമ്പലപ്പുഴ: കരുമാടി ഭാഗവും കഞ്ഞിപ്പാടവും തമ്മിൽ ബന്ധിപ്പിക്കുന്ന കരുമാടി നിക്കോളാസ് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷം മൂന്നായെങ്കിലും പരിഹാര നടപടികൾ ഒന്നുമില്ല. റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
അമ്പലപ്പുഴ തെക്കു പഞ്ചായത്തിനു കീഴിലുള്ള റോഡാണിത്. സ്കൂൾ തുറന്നതോടെ നിക്കോളോസ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള രണ്ടു വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാത്ഥികൾ പൊളിഞ്ഞുകിടക്കുന്ന റോഡിൽ തെന്നി വീഴുന്നത് പതിവായി മാറി. 500 ൽ അധികം വിദ്യാർത്ഥികളും നിരവധി യാത്രക്കാരും സഞ്ചരിക്കുന്ന ഈ റോഡിന്റെ 500 മീറ്ററോളം ഭാഗമാണ് സഞ്ചാര യോഗ്യമല്ലാതായത്. ചെളിവെള്ളത്തിൽ വീണ് യൂണിഫോമിൽ അഴുക്ക് പുരണ്ട് വിദ്യാർത്ഥികൾ വീട്ടിലേക്ക് തിരികെ മടങ്ങുന്നതും പതിവ് കാഴ്ചയാണ്. നിക്കോളാസ് ചർച്ചിലേക്ക് പോകേണ്ട ഭക്തജനങ്ങൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ദുരിതം പേറുകയാണ്.