അമ്പലപ്പുഴ: കടൽക്ഷോഭം രൂക്ഷമായ അമ്പലപ്പുഴ, നീർക്കുന്നം പ്രദേശത്ത് അടിയന്തരമായി കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് തീരദേശവാസികൾ ഇന്നലെ വൈകിട്ട് കാക്കാഴം മേൽപ്പാലത്തിൽ ഒന്നര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു.
ആറരയോടെയാണ് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ദേശീയപാതയിലേക്കെത്തിയത്. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. അമ്പലപ്പുഴയിൽ നിന്ന് പൊലീസ് സംഘമെത്തി സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കളക്ടർ സ്ഥലത്തെത്തണമെന്ന നിലപാടിലായിരുന്നു അവർ. തുടർന്ന് കളക്ടർ എസ്. സുഹാസ് എത്തി ചർച്ച നടത്തി. അടിയന്തരമായി കല്ലിറക്കി കടൽക്ഷോഭം ചെറുക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതിനെത്തുടർന്ന് എട്ടുമണിയോടെ സമരക്കാർ പിന്തിരിഞ്ഞു.
സമരം അവസാനിക്കുംവരെ ദേശീയപാതയിലെ ഗതാഗതം താറുമാറായി. സമരക്കാർ മേൽപ്പാലത്തിൽ കേന്ദ്രീകരിച്ചതോടെ പലത്തിലും ഇരുവശത്തുമായി നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്.