# എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ വ്യപക ക്രമക്കേട്
ആലപ്പുഴ: ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും 'ഓപ്പറേഷൻ ഈഗിൾ വാച്ച്' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ സ്‌കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്ന് പ്രവേശനത്തിന് അനധികൃതമായി പി.ടി.എ ഫണ്ട്, ബിൽഡിംഗ് ഫണ്ട് തുടങ്ങിയ പേരുകളിൽ വൻ തുകകൾ രസീതുകൾ നൽകിയും നൽകാതെയും പിരിച്ചത് പരിശോധനയിൽ കണ്ടെത്തി. ചേർത്തല ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ്, കരുവാറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിലാണ് ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി റെക്സ് ബോബി അവിരയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.
ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ കാഷ് ബുക്ക് കൃത്യമായി എഴുതി സൂക്ഷിക്കാത്തതും മുട്ടം സർവീസ് ബാങ്കിൽ പ്രിൻസിപ്പലിൻെറ പേരിൽ അൺഓതറൈസ്ഡ് അക്കൗണ്ടിൽ 62,510 രൂപയുടെ നിക്ഷേപം ഉള്ളതും മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ച മൂന്ന് വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളിൽ നിന്ന് ഫോണിൽ വിളിച്ച് 5000 മുതൽ15000 രൂപ വരെ കൂടുതലായി വാങ്ങിയതും കണ്ടെത്തി. കണക്കിൽപ്പെടാത്ത 9095 രൂപയും കണ്ടെടുത്തു. കുട്ടികളിൽ നിന്ന് വാങ്ങുന്ന ഫീസ് അടുത്ത ദിവസം ട്രഷറിയിൽ അടയ്ക്കണമെന്ന നിർദേശം പാലിക്കാതെ മേയ് 30 മുതലുള്ള ഫീസ് അടച്ചിട്ടില്ലെന്നും വ്യക്തമായി. ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കണക്കിൽപ്പെടാത്ത 3,17,000 രൂപ കണ്ടെത്തി. കരുവാറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 28ൽ മുതൽ പിരിച്ച പി.ടി.എ ഫണ്ടായ 71,500 രൂപ ബാങ്കിൽ അടച്ചിട്ടില്ലെന്നും പി.ടി.എയുടെ അംഗീകാരം ഇല്ലാതെ വൈദ്യുതി ബിൽ അടച്ചതായും പി.ടി.എ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി.
ചേർത്തല വിദ്യാഭ്യാസ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഡി.ഇ.ഒയുടെ പരിധിയിലുള്ള 27 അൺ എയ്ഡഡ് സ്കൂളുകളിൽ 2016 മുതലുള്ള നിയമനങ്ങൾ നിസാര കാരണങ്ങൾ പറഞ്ഞ് തീർപ്പാക്കാതെ വച്ചതായും ആദ്യം നിയമനങ്ങൾക്ക് അംഗീകാരം നൽകാതിരിക്കുകയും പിന്നീട് നൽകുകയും ചെയ്തതായും കണ്ടെത്തി. ലീവ് വേക്കൻസിയിൽ 2016ൽ നിയമനം നടത്തിയ അദ്ധ്യാപകന് ആറ്മാസത്തെ ശമ്പളം നൽകിയിട്ടില്ല. ശമ്പളബിൽ കൃത്യസമയത്ത് മാറിക്കൊടുക്കാറില്ലെന്നും കണ്ടെത്തി.
ഇൻസ്പെക്ടർമാരായ കെ.വി.ബെന്നി, എൻ.ബാബുക്കുട്ടൻ, കെ.ജി. ഋഷികേശൻ നായർ എന്നിവരും പങ്കെടുത്തു.