santhibhavan

അമ്പലപ്പുഴ : തെരുവിന്റെ മക്കൾക്ക് അന്നത്തിന് വക തേടാൻ 'ഭാഗ്യദേവത"യുടെ കരം പിടിച്ച് ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ. ശാന്തിഭവനിലെ അന്തേവാസികളുടെ ചെലവിന് വക കണ്ടെത്താനായി സൈക്കിളിൽ ലോട്ടറി കച്ചവടം നടത്തുകയാണ് ഈ മനുഷ്യസ്നേഹി.

തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞവർക്ക് ആശ്രയമായി 1997 ലാണ് പുന്നപ്രയിൽ ശാന്തിഭവൻ ആരംഭിച്ചത്. തുടക്കത്തിൽ ഒരാൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് സ്ത്രീകളടക്കം 165 ഓളം അന്തേവാസികളുണ്ട്. മാനസികനില തെറ്റിയവരും അംഗപരിമിതരുമായ 8 പേരും ഇതിലുൾപ്പെടും. ഇവരുടെ മരുന്നിനും മറ്റ് നിത്യ ചെലവുകൾക്കുമായി മാസം 9ലക്ഷം രൂപയോളം വേണ്ടിവരും. സർക്കാരിൽ നിന്ന് വർഷത്തിൽ ഒരു പ്രാവശ്യം ഗ്രാന്റ് ലഭിക്കും. കാരുണ്യമതികളുടെ കൈത്താങ്ങിലായിരുന്നു ശാന്തിഭവന്റെ പ്രവർത്തനം. എന്നാൽ കഴിഞ്ഞ പ്രളയത്തിനുശേഷം സഹായവുമായെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് ശാന്തിഭവന്റെ നിലനില്പ് പ്രതിസന്ധിയിലായത്.

ഇതേത്തുടർന്നാണ് വരുമാനം കണ്ടെത്താൻ ഭാഗ്യക്കുറി വിൽപ്പന ആരംഭിക്കാൻ ആൽബിൻ തീരുമാനിച്ചത്. ഇതിൽനിന്നുള്ള വരുമാനം ഒരു നേരത്തെ പാലുവാങ്ങാനെങ്കിലുമാകുമെന്നാണ് ആൽബിൻ പറയുന്നത്.

ഇന്നലെ രാവിലെ ശാന്തിഭവനിലെത്തിയ ആലപ്പുഴ എം.എ.സി.ടി ജഡ്ജി നിക്സൺ എം ജോസഫ് ആദ്യ വില്പന നടത്തി. തുടർന്ന് ആൽബിൻ സൈക്കിളിൽ ടിക്കറ്റുവിൽപ്പനയ്ക്കായിറങ്ങി.