കടൽഭിത്തി നിർമ്മാണം എന്ന് തുടങ്ങുമെന്ന് കിഫ്ബി തീരുമാനിക്കും
ആലപ്പുഴ : ഊഴം തെറ്റാതെ കാലവർഷമെത്തി. ആർത്തലയ്ക്കുന്ന കടൽ കര കവരാനും തുടങ്ങി. പക്ഷേ, തീരത്ത് കടൽഭിത്തി നിർമ്മിക്കാൻ 'കിഫ്ബി"യ്ക്കായി കാത്തിരിപ്പ് തുടരുകയാണ്. എന്ന് നിർമ്മാണം തുടങ്ങുമെന്നതിനെപ്പറ്റി വ്യക്തത ഇനിയുമായിട്ടില്ല. കടൽഭിത്തി വരും മുമ്പ് തങ്ങളുടെ വീട് കടലെടുത്തു കൊണ്ടു പോകുന്നത് കാണേണ്ടി വരുമോ എന്ന ആശങ്കയിലാണ് തീരവാസികൾ.
ജില്ലയിൽ പുലിമുട്ടോടുകൂടി കടൽഭിത്തി നിർമ്മിക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായാലേ കടൽഭിത്തി നിർമ്മാണം എന്ന് തുടങ്ങാനാവുമെന്ന് പറയാൻ കഴിയുകയുള്ളൂവെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്.
കടൽഭിത്തി നിർമ്മാണത്തിനായി 136 കോടി രൂപയുടെ പദ്ധതിയാണ് ഇറിഗേഷൻ വകുപ്പ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്.എന്നാൽ കിഫ്ബിയിലുൾപ്പെടുത്തി 184 കോടി അനുവദിച്ചു . ഇതിന്റെ സാങ്കേതിക അനുമതി കിഫ്ബി അധികൃതർ നൽകിയതിനു ശേഷമേ ടെൻഡർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാകുകയുള്ളൂ. പുലിമുട്ടിൻെറ സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും സ്വീകരിക്കേണ്ടത് കിഫ്ബിയുടെ ടെക്നിക് വിഭാഗം ആണ്.
തീരം സംരക്ഷിക്കാൻ കടൽഭിത്തി വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കടലാക്രമണം മൂലമുണ്ടാകുന്നത്. ഇത്തവണയും കാലവർഷം തുടങ്ങിയതോടെ കടൽഭിത്തിയില്ലാത്തിടങ്ങളിൽ കര കടൽ കവരുകയാണ്. നിരവധി വീടുകളാണ് തകർന്നത്. തീരത്തു നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരിക്കുകയാണ് തീരദേശവാസികളിലധികവും. അമ്പലപ്പുഴ, ഒറ്റമശേരി ഭാഗങ്ങളിലാണ് കടലാക്രരമണം രൂക്ഷം. ഒറ്റമശേരിയിൽ മുമ്പ് ഉണ്ടായിരുന്ന കടൽഭിത്തി പൂർണമായും തകർന്നു. വീട് നഷ്ടപ്പെട്ടവർക്കുള്ള സമാശ്വാസ നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
കരിങ്കല്ലിന്റെ ലഭ്യതക്കുറവാണ് കടൽഭിത്തി നിർമ്മിക്കാനുള്ള പ്രധാന തടസം. ഇതു മറികടക്കാൻ ടെട്രോപോഡ് രീതി അവലംബിക്കാനാണ് ഉദ്ദേശം.
നഷ്ടം കൂടുതൽ അമ്പലപ്പുഴയിൽ
അമ്പലപ്പുഴയിലാണ് ഇത്തവണ കടലാക്രമണത്തിൽ കൂടുതൽ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ 11 വീട് പൂർണമായും 23 വീടുകൾ ഭാഗികമായും തകർന്നു. 22 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഓരോ കാലവർഷം കഴിയുന്തോറും അമ്പലപ്പുഴ താലൂക്കിൽ തീരം കടലെടുക്കുന്നത് വർദ്ധിച്ചുവരികയാണ്. തീരദേശ ഹൈവേയിൽ നിന്ന് 25 മീറ്റർ അകലെ വരെ കടൽ കയറി.
ജിയോബാഗും ഒലിച്ചുപോയി
കരിങ്കല്ലിന് പകരം നീർക്കുന്നം,വളഞ്ഞവഴി പ്രദേശങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ജിയോ ബാഗുകൾ കടലെടുത്തു.
..........
......
''ജില്ലയിൽ കടൽക്ഷോഭം ശക്തമായ സ്ഥലങ്ങളിൽ പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമ്മിക്കും. കിഫ്ബിയാണ് സാങ്കേതിക അനുമതി നൽകേണ്ടതും ടെൻഡർ നടത്തേണ്ടതും. ടെൻഡർ നടപടി പൂർത്തീകരിച്ച് കഴിഞ്ഞ് ഇറിഗേഷൻെറ നേതൃത്വത്തിൽ നിർമ്മാണം ആരംഭിക്കും.
(കെ.പി.ഹരൺബാബു,എക്സിക്യൂട്ടീവ് എൻജിനിയർ,ഇറിഗേഷൻ)
136 - ജില്ലയിൽ കടൽഭിത്തി നിർമ്മാണത്തിനായി ഇറിഗേഷൻ വകുപ്പ് സമർപ്പിച്ചത് 136 കോടിയുടെ പദ്ധതി
184 പുലിമുട്ടോടു കൂടിയ കടൽ ഭിത്തി നിർന്നാണത്തിന് കിഫ്ബിയിലുൾപ്പെടുത്തി അനുവദിച്ചത് 184 കോടി
5 സ്ഥലങ്ങളിൽ പുലിമുട്ട് നിർമ്മിക്കും.
75 വലിയഴീക്കൽ മുതൽ തെക്കേ ചെല്ലാനം വരെ 75 കിലോമീറ്റർ തീരദേശമാണ് ജില്ലയിലുള്ളത്
കടൽഭിത്തി
വിവിധ വർഷങ്ങളിലായി 69 കിലോമീറ്ററോളം നീളത്തിൽ ജില്ലയുടെ തീരദേശത്ത് കടൽഭിത്തി നിർമ്മിച്ചിരുന്നതാണ്. ഇതിൽ 40 കിലോമീറ്റോളം ഭാഗത്ത് ഇപ്പോൾ കടൽഭിത്തി തകർന്നില്ലാതായി. അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് കാരണം.ഇറിഗേഷനും ഹാർബർ എൻജിനിയറിംഗ് വിഭാഗവുമാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്.