ആലപ്പുഴ: അരൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി മത്സരിക്കുമെന്നും ഇത് സംബന്ധിച്ച് ബി.ജെ.പി നേതൃത്വവുമായി ചർച്ച ചെയ്തുവെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.കണിച്ചുകുളങ്ങരയിൽ നടന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിന് ശേഷം 'കേരളകൗമുദി'യോട് സംസാരിക്കുകയായിരുന്നു തുഷാർ.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം വിശ്വാസി സമൂഹം ഏറ്റെടുത്തു. അതിന്റെ ഫലം കൊയ്തത് യു.ഡി.എഫാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ ഏകീകരണമാണ് യു.ഡി.എഫിന് നേട്ടമായത്. ശബരിമല വിഷയം ദോഷകരമായി ബാധിച്ചത് അംഗീകരിക്കാൻ എൽ.ഡി.എഫ് തയ്യാറാകാത്തത് അപഹാസ്യമാണ്. തെറ്റ് തിരുത്തിയില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകും. പ്രളയ ദുരന്തത്തിൽ അകപ്പെട്ടവർക്കായി സമാഹരിച്ച തുക വിതരണം ചെയ്യുന്നതിൽ സർക്കാർ ഗുരുതര വീഴ്ച വരുത്തി. ഇത് തുറന്നുകാട്ടാൻ ബി.ഡി.ജെ.എസ് ശക്തമായ സമരം നടത്തും. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് മണ്ഡലം- ജില്ലാതല കൺവെൻഷനുകൾ നടത്തും. ഭവന സന്ദർശനത്തിനും കാൽനട പ്രചാരണ ജാഥയ്ക്കും 15ന് തുടക്കം കുറിക്കുമെന്ന് തുഷാർ പറഞ്ഞു.