അമ്പലപ്പുഴ ഭാഗത്ത് കടലാക്രമണം രൂക്ഷം വളഞ്ഞവഴിയിൽ ഒരു വീട് പൂർണമായി തകർന്നു. 10 ഓളം വീടുകൾ തകർച്ചാഭീഷണിയിൽ.
അമ്പലപ്പുഴ : ശമനമില്ലാതെ തുടരുന്ന കടലാക്രമണത്തിൽ അമ്പലപ്പുഴ, നീർക്കുന്നം എന്നിവിടങ്ങളിൽ വ്യാപക നാശം. ഒരു വീട് പൂർണമായി തകർന്നു. പത്തോളം വീടുകൾ തകർച്ചാഭീഷണിയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ പുതുവലിൽ രാജേഷിന്റെ വീട് കടലാക്രമണത്തിൽ തകർന്നത്. രാജേഷും കുടുബവും രണ്ട് ദിവസം മുമ്പ് ബന്ധുവീട്ടി ലേക്ക് താമസം മാറിയതിനാൽ ആളപായം ഉണ്ടായില്ല.
പുതുവലിൽ ശിവരാജൻ, മധു ,ഭാർഗവൻ ,മുരുകേശൻ , സനീഷ്, സുരേഷ് ,തുടങ്ങിയ 10 ഓളം പേരുടെ വീടുകൾ തകർച്ചാഭീഷണിയിലാണ്. 3 വീടുകൾക്ക് ഭാഗിക നാശമുണ്ടായി. വീടുകൾ ഏതുനിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലായതോടെ ഇവിടെ താമസിച്ചിരുന്നവർ സർവ്വതും ഉപേക്ഷിച്ച് ബന്ധുവീടുകളിൽ അഭയം തേടി. ഇവിടെ കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ കല്ലിറക്കാമെന്ന കളക്ടറുടെ ഉറപ്പിന്മേലാണ് ഉപരോധം പിൻവലിച്ചത്.