# പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ
കായംകുളം: പരാധീനതകളുടെ നടുവിൽ നിന്ന് കായംകുളത്തെ കോടതികൾ ഉപാധിരഹിത ജാമ്യത്തിലേക്ക്. 15 കോടി ചെലവിട്ട് 40,000 ചതുരശ്ര അടി വിസ്തൃതിയിൽ കേരളീയ വാസ്തു ശില്പകലാ സൗന്ദര്യങ്ങൾ ഉൾപ്പെടുത്തി ലിഫ്റ്റ് സൗകര്യങ്ങളോടെ മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയമാണ് കോടതികൾക്കു വേണ്ടി നിർമ്മിക്കുന്നത്.
സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 10.30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് നിർവ്വഹിക്കും. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജഡ്ജി എ.ബദറുദ്ദീൻ, നിയുക്ത എം.പി എ.എം. ആരിഫ്, യു.പ്രതിഭ എം.എൽ.എ, നഗരസഭ ചെയർമാൻ എൻ.ശിവദാസൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റോയ് വർഗീസ്, പൊതുമരാമത്ത് ചീഫ് എൻജിനിയർ ഇ.കെ. ഹൈദ്രു എന്നിവർ സംസാരിക്കും.
മജിസ്ട്രേറ്റ് കോർട്ട്ഹാൾ, ചേംബറുകൾ, ലോബി, നടുമുറ്റം, അദാലത്ത് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, വനിതാ അഭിഭാഷകർക്കും ഗുമസ്ഥർക്കും പ്രത്യേകം മുറികൾ, മെഡിറ്റേഷൻ ഹാൾ എന്നിവയുണ്ടാവും. നഗരമദ്ധ്യത്തിൽ രണ്ടേക്കറോളം വിസ്തൃതിയുള്ള കോടതി വളപ്പിലാണ് നിർമ്മാണം. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. ജീർണാവസ്ഥയിലായിരുന്ന കോടതി കെട്ടിടത്തിനു പകരം ആധുനിക സൗകരുങ്ങളോടുകൂടിയ കെട്ടിട സമുച്ചയം എന്ന കായംകുളത്തിന്റ ദീർഘകാല അഭിലാഷമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
ഏത് നിമിഷവും തകർന്നു വീഴാവുന്ന കെട്ടിടങ്ങളിലാണ് കായംകുളത്തെ കോടതികൾ പ്രവർത്തിക്കുന്നത്. രണ്ട് വർഷം മുൻപ് മുൻസിഫ് കോടതി താത്കാലികമായി സമീപത്തെ സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷമായി കോടതിക്കെട്ടിടത്തിന്റെ നിർമ്മാണം സംസ്ഥാന ബഡ്ജറ്റിലുണ്ടങ്കിലും തുടർ നടപടികൾ ഇപ്പോഴാണ് ഉണ്ടായത്.
# സ്ഥാപിതം- 1918
കൃഷ്ണപുരം ഡിസ്ട്രിക്ട് മുൻസിഫ് കോടതി എന്ന പേരിൽ 1918ൽ സ്ഥാപിതമായതാണ് ഇപ്പോഴത്തെ കായംകുളം കോടതി. നീണ്ടകര മുതൽ തോട്ടപ്പള്ളി വരെയും കിഴക്ക് ശബരിമല വരെയുമുള്ള പ്രദേശമായിരുന്നു അധികാരപരിധി. 1957 ലാണ് മുൻസിഫ് കോടതിക്കുവേണ്ടി നഗരത്തിന്റെ ഹൃദയഭാഗത്ത് രണ്ടേകാൽ ഏക്കർ സ്ഥലം ഏറ്റെടുത്ത് ഹൈക്കോടതിക്ക് കൈമാറിയത്. 1963 ൽ ഇവിടെ നിർമ്മിച്ച കെട്ടിടത്തിലാണ് മുൻസിഫ് കോടതിയും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും പ്രവർത്തിക്കുന്നത്. കുടുംബ കോടതിയുടെ സിറ്റിംഗ് കായംകുളത്ത് അനുവദിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമൂലമാണ് പ്രവർത്തനം തുടങ്ങാതിരുന്നത്. പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ജില്ലാ ജഡ്ജിയുടെ ആവശ്യപ്രകാരം 2006 മുതൽ ഹൈക്കോടതി രജിസ്ട്രാർ നിർദ്ദേശം നൽകുന്നുണ്ട്. നിരവധി തവണ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.