tt5

ഹരിപ്പാട്: ഭിന്നശേഷിക്കാർ പഠിക്കുന്ന സബർമതി സ്‌പെഷ്യൽ സ്‌കൂളിൽ ചലച്ചിത്ര താരങ്ങൾ നടത്തിയ സന്ദർശനം കുട്ടികൾക്ക് ആഹ്ളാദം പകർന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സൗമ്യമേനോൻ, ഗായത്രി സുരേഷ്, സജേഷ് പട്ടാമ്പി, സംഗീത സംവിധായകനായ അരുണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടർ രഞ്ജിത്ത് എന്നിവരാണ് സബർമതിയിൽ എത്തിയത്.

പാട്ടുപാടിയും നൃത്തം ചെയ്തും കുട്ടികളോടൊപ്പം താരങ്ങൾ ഏറെ നേരം ചെലവഴിച്ചു. ഇതൊടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എസ്.ദീപു അദ്ധ്യക്ഷനായി. ട്രസ്റ്റി ഷംസുദ്ദീന്‍ കായിപ്പുറം, കെ.എസ്.ഹരികൃഷ്ണൻ, പ്രിൻസിപ്പൽ എസ്.ശ്രീലക്ഷ്മി, അരൂർ ഗവ.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് കലാവതി, സൂപ്പർവൈസർ ശാന്തമ്മ എന്നിവർ സംസാരിച്ചു. രൂപേഷ് ഓമന നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ചലച്ചിത്ര പ്രവർത്തകർ സബർമതിയിൽ എത്തിയത്.