tv-r

# ഇന്ന് ലോക രക്തദാന ദിനം

തുറവൂർ: പകരക്കാരനായി രക്തം ദാനം ചെയ്യേണ്ടിവന്ന ഷാജി രണ്ടു പതിറ്റാണ്ടിനിപ്പുറം രക്തം കൈമാറിയത് 54 പേർക്ക്. എവിടെ നിന്ന് ആരു വിളിച്ചാലും പറന്നെത്തി രക്തം നൽകിയ ശേഷം ചായക്കാശുപോലും വാങ്ങാതെ രോഗിയുടെ ബന്ധുക്കൾക്ക് ചെറുചിരി സമ്മാനിച്ച് നടന്നുമറയുന്ന ഷാജി പലപ്പോഴും ആശുപത്രികളിൽ ഒരു വിസ്മയമാണ്.

'രക്തദാനം മഹാദാന'മെന്ന സന്ദേശം നെഞ്ചേറ്റി നടക്കുന്ന ആളാണ് കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് ചിറയ്ക്കൽ വീട്ടിൽ എസ്. ഷാജി (48) എന്ന ചെറുപ്പക്കാരൻ. 22 വർഷം മുമ്പ് മട്ടാഞ്ചേരി ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബന്ധുവിനെ കാണാനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഷാജിയുടെ എ പോസിറ്റീവ് രക്തം 'പുറത്തേക്ക്' ഒഴുകിയത്. രക്തം നൽകാമെന്ന് ഏറ്റിരുന്ന ആൾ സമയത്ത് എത്തിയില്ല. അന്നാദ്യമായി രക്തം നൽകിയപ്പോൾ ഒരുകാര്യം മനസിലായി, ഇതൊരു വലിയ സംഭവമല്ലെന്നും തികച്ചും ജീവകാരുണ്യ സേവനമാണെന്നും.

അന്നുതുടങ്ങിയ രക്തദാനത്തിന് ഇന്നലെ വരെ തടസമുണ്ടായിട്ടില്ല. ഷാജിയുടെ രക്തം ലഭിക്കാൻ രോഗിക്ക് ഷാജിയേയോ, തിരിച്ചോ കണ്ടറിവും കേട്ടറിവും ഒന്നും വേണമെന്നില്ല. തൊട്ടുമുമ്പ് രക്തം നൽകി ആറുമാസത്തെ ഇടവേള കഴിഞ്ഞിരിക്കുന്ന സമയമായാൽ മാത്രം മതി. എസ്.എൻ.ഡി.പി യോഗം കുത്തിയതോട് ശാഖ മുൻ സെക്രട്ടറിയായ ഷാജി 'കേരളകൗമുദി' പാട്ടുകുളങ്ങര ഏജന്റാണ്. ഷാജി മുൻകൈ എടുത്ത് രൂപീകരിച്ച രക്തദാന ഗ്രൂപ്പിൽ ഇന്ന് 200 ഓളം സജീവ അംഗങ്ങളുണ്ട്. ഷാജിയുടെ ഇടപെടലിലൂടെ 250 പേരുടെ നേത്രദാന സമ്മതപത്രവും 50 പേരുടെ അവയവദാന സമ്മത പത്രവും അധികൃതർക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. അമ്മ സരളയും ഭാര്യ സുധയും മകൾ കുഷ്ണ ചന്ദനയും പൊതുപ്രവർത്തകനായ ഷാജിക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. ഫോൺ: 9388804366

# രക്തദാനം മഹാദാനം

ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. ശരീരത്തിൽ ആഹാരം, വായു എന്നിവ എത്തിക്കുക, മാലിന്യങ്ങൾ പുറത്തുകളയുക തുടങ്ങി പല പ്രവർത്തനങ്ങളും രക്തമാണ് നടത്തുന്നത്. ഒരു തവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. ജൂൺ 14 ആണ് ലോക രക്തദാതാക്കളുടെ ദിനം. രോഗാണുക്കൾ പകരാൻ ഏറ്റവും സാദ്ധ്യതയുള്ളത് രക്തത്തിലൂടെ ആയതിനാൽ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ദാതാവിൽ നിന്ന് രക്തം സ്വീകരിക്കുന്നത്.