ഹരിപ്പാട്: ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണ് ഹരിപ്പാട് മേഖലയിൽ വ്യാപക നാശനഷ്ടം. ഒരു വീട് പൂർണ്ണമായും അഞ്ചു വീടുകളും ആർ.ഒ പ്ളാന്റും ഭാഗികമായും തകർന്നു.
ആഞ്ഞിലി മരം കടപുഴകിവീണ് ചേപ്പാട് വില്ലേജിൽ മരങ്ങാട്ട് കോളനി വീട്ടിൽ സാജന്റെ മൂന്ന് മുറി വീട് പൂർണ്ണമായും തകർന്നു. വീയപുരം വാണിയപ്പുരയ്ക്കൽ അഹമ്മദ്കുഞ്ഞ്, വീയപുരം തറയിൽ പടീറ്റതിൽ ഭാസുര, വീയപുരം മഴവിൽ തകിടിയിൽ എബ്രഹാം ജോർജ്ജ്, ആറാട്ടുപുഴ കിഴക്കേക്കര നാലാം വാർഡ് കറുത്തിടത്ത് കുന്നേൽ വാസന്തി എന്നിവരുടെ വീടുകൾ മരം വീണ് ഭാഗികമായി തകർന്നു. വീയപുരം ആർ.ഒ പ്ളാന്റും മരം വീണ് ഭാഗികമായി തകർന്നു.
ഇന്നലെ പുലർച്ചെയും വൈകിട്ടും ഉണ്ടായ കാറ്റിലും മഴയിലുമാണ് വ്യാപക നഷ്ടം സംഭവിച്ചത്. വീയപുരം, കാട്ടിൽ മാർക്കറ്റ് ഭാഗങ്ങളിൽ വ്യാപകമായി മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. രാത്രി വൈകിയും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. വീയപുരത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് ഫയർഫോഴ്സ്, ഹരിപ്പാട് എമർജൻസി റസ്ക്യു ടീം അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. ഹരിപ്പാട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് ഇലക്ട്രിക് ലൈനിന് മുകളിലേക്ക് ചരിഞ്ഞ മരവും ഇവർ വെട്ടി മാറ്റി.
# ചെന്നിത്തലയിലും നാശനഷ്ടങ്ങൾ
മാവേലിക്കര: തെക്കേക്കരയിലും ചെന്നിത്തലയിലും മഴ കനത്ത നാശം വിതച്ചു. രണ്ടു വീടുകള്‍ തകര്‍ന്നു. നിരവധിയിടങ്ങളില്‍ മരക്കൊമ്പുകള്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി.
ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ തെക്കേക്കര പള്ളിക്കല്‍ ഈസ്റ്റ് കാഞ്ഞിരത്തും വിളയില്‍ സുകേശന്റെ വീടിന് മുകളില്‍ മരം വീണു. സുകേശന്റെ മാതാവ് കുഞ്ഞിക്കുട്ടിക്ക് (83) പരിക്കേറ്റു. ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ കിടപ്പുമുറിക്കു മുകളിലേക്ക് വലിയ പ്ലാവ് കടപുഴകി ഓടുകള്‍ തകര്‍ന്നു വീണാണ് കുഞ്ഞിക്കുട്ടിയ്ക്ക് പരിക്കേറ്റത്. വരേണിക്കല്‍ ഗുരുമന്ദിരത്തിന് സമീപം റോഡിലേക്ക് പുളിമരം വീണ് ഗതാഗതം തടസപ്പെട്ടു. കുറത്തികാട് കനാല്‍ ജംഗ്ഷന് സമീപം വൈദ്യുതിക്കമ്പികള്‍ക്ക് മുകളിലേക്ക് പുളിമരം വീണ് പോസ്റ്റുകള്‍ ചരിഞ്ഞു. വരേണിക്കല്‍ നികുഞ്ജത്തില്‍ സുരേഷിന്റെ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണു. ചൂരല്ലൂര്‍, പള്ളിയാവട്ടം തടത്തിലാല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റില്‍ മരച്ചില്ലകള്‍ ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ ചെന്നിത്തല തെക്ക് കാരിക്കുഴിയില്‍ എഴുപത്തഞ്ചില്‍ പടീറ്റതില്‍ വീട്ടില്‍ ബാലകൃഷ്ണന്റെ വീടിന് മുകളിലേക്ക് രണ്ട് ആഞ്ഞിലിമരങ്ങള്‍ കടപുഴകി വീണ് ഒരു മുറിയും അടുക്കളയും പൂര്‍ണമായി തകര്‍ന്നു. ബാലകൃഷ്ണന്റെ ഭാര്യ സുഗതമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴാണ് വലിയ ശബ്ദത്തോടെ മരങ്ങള്‍ വീണത്. ഇവരുടെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന ബാലകൃഷ്ണന്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. കോട്ടപ്പുറം ഭാഗത്ത് മരങ്ങള്‍ വീണ് വൈദ്യുതിബന്ധം തടസപ്പെട്ടു.