എ.ടി.എം 'പണിക്കാരൻ' പണിക്കിടെ പിടിയിൽ
ചേർത്തല: ഉളിയും ചുറ്റികയുമായി എ.ടി.എം മെഷീൻ കുത്തിപ്പൊളിച്ചു കൊണ്ടിരുന്ന യുവാവിനോട്, എ.ടി.എമ്മിൽ പണമെടുക്കാൻ വന്നവർ വിവരം തിരക്കി. 'ഞാൻ ബാങ്കിൽ നിന്നു വന്നതാ. മെഷീന് കുറച്ചു പണിയുണ്ട്. അതുകഴിഞ്ഞാലേ പണം എടുക്കാനാവൂ...'
'മെഷീൻ പണിക്കാര'ന്റെ വാക്കു വിശ്വസിച്ച ഇടപാടുകാർ തിരിച്ചുപോയി. പണി തുടർന്നുകൊണ്ടേയിരുന്നു. ഇടയ്ക്ക് തൊട്ടപ്പുറത്തെ ചായക്കടയിൽപോയി ചായകുടിച്ച് തിരികെ വന്നശേഷം വീണ്ടും പണിയോടു പണി. ഈ കട്ടിപ്പണികണ്ട് സംശയം തോന്നിയ ചിലർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴും പണിക്കാരൻ തിരക്കിൽത്തന്നെ. പൊലീസുകാർ ബാങ്കിൽ അന്വേഷിച്ചു. 'എടി.എമ്മിൽ പണിയോ, എന്തുപണി, ആരു പണിയുന്നു...?'- ബാങ്കിൽ നിന്നുള്ള മറുചോദ്യം കേട്ട പൊലീസുകാർ അമ്പരന്നു. എ.ടി.എം മുറിയിൽ നിന്ന് മെക്കാനിക്കിനെ പിടിച്ചുപുറത്തിറക്കി പണിക്കാര്യം ചോദിച്ചപ്പോൾ സത്യസന്ധമായ മറുപടി; എന്നെ തല്ലരുത്, വിരട്ടിയാൽ മതി, ഞാൻ പൊയ്ക്കോളം...!
ദേശീയ പാതയോരത്ത് കണിച്ചുകുളങ്ങര ജംഗ്ഷന് വടക്കുള്ള ഫെഡറൽ ബാങ്ക് എ.ടി.എമ്മിലാണ് രസകരമായ സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള താമരക്കുളം വേടരപ്ളാവ് പേരൂർകാരാഴ്മ കാഞ്ഞിര വെളിയിൽ എസ്.ശ്രീകുമാറാണ് (38) എ.ടി.എം മെക്കാനിക്കായി ഇന്നലെ രാവിലെ പണിക്കെത്തിയത്. ആരെയും ഗൗനിക്കാതെ ഉളിയും ചുറ്റികയും ഉപയോഗിച്ച് മെഷീൻ പൊളിക്കൽ തുടർന്ന ശ്രീകുമാറിനെആരുമൊട്ട് സംശയിച്ചതുമില്ല. പണമെടുക്കാൻ വന്നവർ ശ്രീകുമാറിന്റെ വാക്ക് വിശ്വസിച്ച് മടങ്ങുകയും ചെയ്തു. ഇടയ്ക്ക് സമീപത്തെ ചായക്കടയിൽ പോയി ചായ കുടിച്ച ശേഷം തിരികെയെത്തി പണിതുടർന്നു.
രാവിലെ 9 മണിയോടെ സമീപത്തെ വ്യാപാരികൾ ഉൾപ്പെടെ ചിലർക്ക് സംശയം തോന്നിത്തുടങ്ങി. ഇവർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി. ഇവരെയും ഗൗനിക്കാതെ ശ്രീകുമാർ ജോലി തുടർന്നു.
ബാങ്കുമായി ബന്ധപ്പെട്ട ശേഷം യുവാവിനെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നു വ്യക്തമായത്. പ്രശ്നങ്ങളൊന്നുമില്ലെന്നും തന്നെ സ്വന്തം ജാമ്യത്തിൽ വിടാവുന്ന വിഷയമേ ഉള്ളൂവെന്നും ശ്രീകുമാർ പൊലീസുകാരോടു പറഞ്ഞു! പക്ഷേ, പൊലീസ് അയഞ്ഞില്ല. കവർച്ചാ ശ്രമം ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താമരക്കുളത്ത് നിന്ന് ശ്രീകുമാർ ബൈക്കിലാണ് ഇവിടെ എത്തിയത്. എ.ടി.എമ്മിലെ സി.സി ടിവി കാമറ മറച്ചുവച്ച ശേഷമായിരുന്നു പൊളിക്കൽ തുടങ്ങിയത്.