# ഡെങ്കി ബാധിതരുടെ എണ്ണം കൂടുന്നു

# എച്ച് 1 എൻ 1 പനിക്കെതിരെ ജാഗ്രതവേണം

ആലപ്പുഴ: കാലവർഷം ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണമേറുന്നു. ഇന്നലെ മൂന്നുപേർ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയതോടെ ഇൗ വർഷം ഡെങ്കിപ്പനി പിടിപെട്ടവരുടെ എണ്ണം 63 കടന്നു. എച്ച് 1എൻ 1 ബാധിച്ച് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സ്വയം ചികിത്സതേടിയവരാണ് രോഗാവസ്ഥ രൂക്ഷമായവരിൽ ഏറെയും.

മഴയെ തുടർന്ന് കനാലുകളും ഒാടകളും നിറഞ്ഞു കവിഞ്ഞതും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതും കണക്കിലെടുത്ത് എലിപ്പനിക്കെതിരെ മുൻകരുതൽ കൈക്കൊള്ളണം. വെള്ളക്കെട്ടിൽ ഇറങ്ങേണ്ടവർ എലിപ്പനി പ്രതിരോധ ഗുളികൾ കഴിക്കുകയും കാലിൽ മുറിവുള്ളവർ വെള്ളിൽ ഇറങ്ങുന്നത് ഒഴിവാക്കുകയും വേണം. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. നാലുതരം ഡെങ്കി വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവയെല്ലാം രാജ്യത്ത് വ്യാപകമായി കണ്ടുവരുന്നതുമാണ്. അതുകൊണ്ടുതന്നെ ഈ പനിയെ ഗൗരവമായി കണേണ്ടതുണ്ട്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ പനിബാധിതരുടെ എണ്ണവും കൂടുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. ആലപ്പുഴ നഗരസഭ, ആര്യാട്, പുന്നപ്ര തെക്ക്, തൈക്കാട്ടുശേരി എന്നിവിടങ്ങളിൽ ഇൗ മാസം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

........................................

# രോഗം പകരുന്ന വഴി

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കി പരത്തുന്നത്. രോഗബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ഏഴു ദിവസങ്ങൾക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള കഴിവ് നേടുന്നു. ഒരിക്കൽ രോഗാണുവാഹകരായി മാറിയ കൊതുകുകൾ തുടർന്നുള്ള കാലം മുഴുവൻ മറ്റുള്ളവരിലേക്ക് രോഗം നേരിട്ട് പരത്തും. എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം.

...........................

# ചികിത്സാരീതി

രോഗിക്ക് പരിപൂർണ വിശ്രമവും ആവശ്യത്തിനു പോഷകാഹാരവും കുടിക്കാൻ ധാരാളം വെള്ളവും നൽകണം. പനിയുടെ ക്ഷീണം കുറയ്ക്കാനും നിർജ്ജലീകരണത്തെത്തുടർന്നുള്ള സങ്കീർണതകൾ അകറ്റാനും ഇതുപകരിക്കും. പനി കുറയാനായി ദേഹം തണുത്ത വെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് തുടച്ചുകൊടുക്കുന്നയും സുരക്ഷിതമായ വേദനസംഹാരികൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഗുരുതരമായ രക്തസ്രാവത്തിന് ഇടയാക്കാമെന്നതുകൊണ്ട് ചികിത്സയ്ക്ക്ആസ്പിരിൻ നൽകാറില്ല. ആന്റിബയോട്ടിക്കുകളും നിർദ്ദേശിക്കാറില്ല. പനി പൂർണമായും ഭേദമാകുന്നതുവരെ രോഗിയെ ശ്രദ്ധയോടെ പരിചരിക്കണം.

....................................

# പ്രതിരോധം

ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ വാക്‌സിൻ നിലവിലില്ലാത്ത സാഹചര്യത്തിൽ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള നല്ല മാർഗം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് കൊതുകുകൾക്ക് പ്രജനനം നടത്താനുള്ള സാഹചര്യം ഒഴിവാക്കണം.

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

# എച്ച് 1 എൻ 1 ജാഗത്ര വേണം

ആലപ്പുഴ: എച്ച്1 എൻ1 പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. സ്വയംചികിത്സ നടത്തരുത്. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ചികിത്സ ലഭിക്കുന്നതാണ്.

പനിയുളളപ്പോൾ കുട്ടികളെ അംഗൻവാടികൾ, സ്‌കൂൾ, ക്രഷ് എന്നിവിടങ്ങളിൽ വിടരുത്. നന്നായി വിശ്രമിക്കുകയും കഞ്ഞിവെളളം, തിളപ്പിച്ചാറ്റിയ പാനീയങ്ങൾ തുടങ്ങിയവ ധാരാളം കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും ചെയ്യണം. ഗർഭിണികൾ, നീണ്ടകാല രോഗമുളളവർ (പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയം, ശ്വാസകോശ രോഗങ്ങൾ, കരൾ/വൃക്കരോഗങ്ങൾ, കാൻസർ തുടങ്ങിയവ), സ്ഥിരമായി മരുന്നുകഴിക്കുന്നവർ.തുടങ്ങിയവർ
ചെറിയ ജലദോഷം വന്നാൽ ഉടൻ തന്നെ വൈദ്യസഹായം സ്വീകരിക്കണം. ഫോൺ: 0471 - 2552056, ടോൾ ഫ്രീ നമ്പർ:1056