ambalapuzha-news

 മെഡി.ആശുപത്രിയിൽ മൂന്ന് മാസം മുമ്പ് നിർമ്മിച്ച കെട്ടിടം ചോർന്നൊലിക്കുന്നു

അമ്പലപ്പുഴ : ആർദ്രം പദ്ധതിയിലുൾപ്പെടുത്തി മൂന്ന് മാസം മുമ്പ് നിർമ്മിച്ച കെട്ടിടം ചോർന്നൊലിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾ തെന്നിവീണു. ഇന്നലെ രാവിലെ പെയ്ത മഴയിൽ ചോർന്നൊലിച്ചിറങ്ങിയ വെള്ളത്തിൽ തെന്നി വീണ് ആറ് പേർക്കാണ് പരിക്കേറ്റത്.

എഫ് ബ്ലോക്കിനു സമീപം വിവിധ ഒ.പി വിഭാഗങ്ങളുടെ കൗണ്ടർ, വിശ്രമകേന്ദ്രം തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. ഒ.പി വിഭാഗങ്ങളിലേക്ക് രോഗികൾ പോകുന്നതും ഒ.പി ചീട്ട് എടുക്കുന്നതും ഇവിടെയാണ്. കെട്ടിടത്തിൽ മഴവെള്ളം ചോർന്നൊലിച്ചതോടെ ആറ് ശുചീകരണത്തൊഴിലാളികളെ നിറുത്തിയാണ് വെള്ളം തുടച്ചു നീക്കിയത്. ഈ തൊഴിലാളികൾക്ക് ഈ സമയം മറ്റ് ജോലികൾക്ക് പോകാനുമായില്ല. മഴയുള്ള സമയങ്ങളിലെല്ലാം തൊഴിലാളികളെ ഡ്യൂട്ടിക്കിടേണ്ട ഗതികേടിലാണ്.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനായി കേന്ദ്ര സർക്കാർ നൽകിയ 2 കോടി രൂപ വിനിയോഗിച്ചാണ് ആർദ്രം പദ്ധതിക്കായി കെട്ടിടങ്ങൾ പണിതത്. കെട്ടിട നിർമ്മാണത്തിൽ അഴിമതി

നടന്നുവെന്ന് ഉദ്ഘാടന സമയത്തു തന്നെ ആക്ഷേപം ഉയർന്നിരുന്നതാണ്. കരാറുകാരും കെട്ടിടവിഭാഗവും ചേർന്നു നടത്തിയ ഒത്തുകളിയാണ് കെട്ടിടത്തിലെ ചോർച്ചയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

കൊടിയ അഴിമതി,

അന്വേഷണം വേണം

മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രണ്ടുകോടി രൂപ മുടക്കിയുള്ള കെട്ടിട നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും എച്ച്‌. ഡി .സി അംഗവുമായ യു. എം.കബീർ ആരോപിച്ചു. ഇതിലെ ക്രമക്കേട്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ്‌ ,പൊതുമരാമത്ത്‌ വകുപ്പു മന്ത്രിമാർക്ക് നിവേദനം നൽകി. ആശുപത്രിയിൽ നടക്കുന്ന അഴിമതി ചർച്ചയാകുമെന്നതിനാൽ ആശുപത്രി വികസന സമിതി യോഗം പോലും വിളിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.ആർദ്രം പദ്ധതിയിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക,ആശുപത്രിയിലെ പോരായ്മകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ ശക്തമായ സമരം സംംഘടിപ്പിക്കുമെന്ന് കബീർ പറഞ്ഞു.