df

ഹരിപ്പാട്: മഴ അല്പമൊന്ന് അകന്നു നിന്നെങ്കിലും കടലിന്റെ കലി അത്രയ്ക്കങ്ങ് അടങ്ങിയിട്ടില്ല. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലേറ്റത്തിന്റെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രദേശത്ത് ഭീതി ഒഴിയുന്നില്ല.

കഴിഞ്ഞ ദിവസം നല്ലാണിക്കൽ മേഖലയിൽ ഉണ്ടായ 'അറപ്പൻ' കടലാണ്(ശക്തമായ തിരയുള്ള സമയം)

കര കവർന്നത്. ഈ മേഖലയിൽ നാട്ടുകാർ തീർത്ത മണൽ ഭിത്തിയുടെ മുക്കാൽ ഭാഗത്തോളം കടലെടുത്തു. കടൽഭിത്തിയോ പുലിമുട്ടുകളോ ഇല്ലാതെ കടൽക്ഷോഭത്താൽ ഏറ്റവും അധികം കഷ്ടപ്പാട് അനുഭവിക്കുന്നത് നല്ലാണിക്കൽ, വട്ടച്ചാൽ പ്രദേശമാണ്. ഇവിടെ പുലിമുട്ടുകളോടെ കടൽഭിത്തി നിർമ്മിക്കാമെന്ന വാക്ക് സർക്കാർ ഇനിയും പാലിച്ചിട്ടില്ല. ഇതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് സ്വന്തം ചെലവിൽ താത്കാലിക സംവിധാനമെന്ന നിലയിൽ മണൽഭിത്തി നിർമ്മിച്ചത്. മണിക്കൂറിന് 1300 രൂപയായി ജെ.സി.ബി വാടക. ചിലേടങ്ങളിൽ 260 രൂപ മുടക്കി കൽക്കരി ചാക്ക് വാങ്ങി ജെ.സി.ബി ഉപയോഗിച്ച് മണൽ നിറച്ചാണ് കടലാക്രമണത്തെ ചെറുക്കാൻ നാട്ടുകാർ പരിശ്രമം നടത്തിയത്. ശക്തമായ തിരമാലകളിൽ ഇതെല്ലാം നഷ്ടമായിരിക്കുകയാണ്.

തിരകളെ പ്രതിരോധിക്കാൻ ഒരു പരിധിവരെ ഈ പരീക്ഷണ മണൽ ഭിത്തിക്ക് കഴിഞ്ഞിരുന്നു. ഇതു നശിച്ചതോടെ നല്ലാണിക്കൽ ഗുരുമന്ദിരത്തിന് പടിഞ്ഞാറു വശം പ്രസന്നന്റെ വീടിന്റെ മതിൽ പൂർണ്ണമായും കടലെടുത്തു. തൊട്ടടുത്തുള്ള പുത്തൻ വീട്ടിൽ ശിവകുമാർ, എ.വി നിവാസിൽ സുജാത എന്നിവരുടെ വീടുകളും ഏതു സമയവും കടൽ എടുക്കുന്ന സ്ഥിതിയിലാണ്. തറയിൽ കടവ് മുതൽ തെക്കോട്ടു റോഡിൽ മണ്ണും ചെളിയും നിറഞ്ഞതിനാൽ ഗതാഗതം തടസപ്പെട്ടു. വലിയഴീക്കലിലേക്കുള്ള ബസുകൾ തറയിൽ കടവിൽ യാത്ര അവസാനിപ്പിച്ചു മടങ്ങുന്നത് നാട്ടുകാർക്ക് മറ്റൊരു ദുരിതമായി.

............................................................

# ഭീതിവിതച്ച് 'അറപ്പൻ' കടൽ

# തീരമേഖലയിൽ ബസ് സർവീസുകൾ അവതാളത്തിൽ

# നാട്ടുകാർ പണംമുടക്കിയ താത്കാലികഭിത്തിയും തകർന്നു

# പുലിമുട്ടോടെയുള്ള കടൽഭിത്തി വാഗ്ദാനം പാഴായി

# രണ്ടു വീടുകൾ ഭീഷണിയിൽ