a

മാവേലിക്കര: തഴക്കര സ്വദേശിയും മഹാരാഷ്ട്രയിൽ മുത്തൂറ്റ് ബാങ്ക് ജീവനക്കാരനുമായ യുവാവ് നാസിക്കിൽ ബാങ്ക് കൊള്ളക്കാരുടെ വെടിയേറ്റു മരിച്ചു. അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനിൽ പരേതനായ രാജുവിന്റെയും സാറാമ്മയുടെയും മകൻ സാജു ശാമുവേൽ (28) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാവിലെ 11.15ന് ജോർജ് മുത്തൂറ്റ് ഗ്രൂപ്പിന്റെ നാസിക്കിലെ ശാഖയിലായിരുന്നു സംഭവം.

ബാങ്കിന്റെ നവി മുംബയിലെ ഓഫീസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയ സാജു, ഔദ്യോഗിക കാര്യങ്ങൾക്കായാണ് നാസിക്ക് ബ്രാഞ്ചിലെത്തിയത്. ഈ സമയത്ത് ബാങ്ക് കൊള്ളയടിക്കാനെത്തിയ സംഘം സാജു ഉൾപ്പെടെ മൂന്നു പേർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അപകട മുന്നറിയിപ്പിനുള്ള അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്കോടിയ സാജുവിന് പിന്നിൽ നിന്നാണ് വെടിയേറ്റത്. സാജു അവിടെവച്ചു തന്നെ മരിച്ചു. വെടിയേറ്റ മറ്റ് രണ്ടുപേരുടെ നില ഗുരുതരമല്ല. സംഭവസമയത്ത് അഞ്ച് ജീവനക്കാരും എട്ട് ഇടപാടുകാരുമാണ് ബാങ്കിനുള്ളിൽ ഉണ്ടായിരുന്നത്. എല്ലാവരുടെയും മൊബൈൽ ഫോണുകൾ കൊള്ളക്കാർ നേരത്തേ പിടിച്ചുവാങ്ങിയിരുന്നു.

രണ്ടുവർഷം മുമ്പ് അഹമ്മദാബാദിൽ ജോലിയിൽ പ്രവേശിച്ച സാജു ഒരു വർഷം മുമ്പാണ് നവി മുംബയിലെത്തിയത്. വ്യാഴാഴ്ചയായിരുന്നു നാസിക്കിലെ ശാഖയിൽ ഇൻസ്പെക്ഷൻ നടത്തേണ്ടിയിരുന്നതെങ്കിലും അന്നു രാവിലെ ഉറങ്ങിപ്പോയതു കാരണം സാജുവിന് പോകാനായില്ല. തുടർന്നാണ് ഇന്നലെ ഇൻസ്പെക്ഷന് എത്തിയത്. രണ്ടു മാസം മുമ്പാണ് കുഞ്ഞിന്റെ മാമോദീസയ്ക്കായി സാജു നാട്ടിലെത്തി മടങ്ങിയത്. ജെയ്സിയാണ് ഭാര്യ. മകൻ ജർമിക്ക് 9 മാസം പ്രായമേയുള്ളൂ. സാജുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.