ma-baby

ആലപ്പുഴ : വിപ്ലവ കേരളത്തിന്റെ വീരപുത്രിക്ക് പിറന്നാൾ ആശംസകളുമായി ഒരാഴ്‌ചയ്‌ക്ക് മുമ്പേ എം.എ. ബേബിയും കുടുംബവുമെത്തി.

21നാണ് കെ.ആർ. ഗൗരിഅമ്മയുടെ 101-ാം പിറന്നാൾ. കസവുസാരിയും മധുരവുമായി ഇന്നലെ രാവിലെ 11.45നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കുടുംബസമേതം ഗൗരിഅമ്മയുടെ ചാത്തനാട്ടെ കളത്തിൽപ്പറമ്പിൽ വീട്ടിലെത്തിയത്. 21ന് കേരളത്തിലില്ലാത്തതുകൊണ്ടാണ് ബേബി നേരത്തെ വന്നത്. ഭാര്യ ബെറ്റി, മകൻ അശോക്, മരുമകൾ സനിത എന്നിവരും ഒപ്പമുണ്ടായിരുന്നു.

അതിഥികളെത്തുമ്പോൾ വീട്ടുകാരി ഭക്ഷണം കഴിക്കുകയായിരുന്നു. അല്പസമയത്തിനുള്ളിൽ പതിവ് വെള്ള സാരിയണിഞ്ഞ് സ്വീകരണമുറിയിലെത്തി. ചെറുമകൻ തനയനൊപ്പം ബേബി ഗൗരിഅമ്മയ്‌ക്കടുത്തിരുന്നു. കൊണ്ടുവന്ന ചോക്ളേറ്റ് പൊതി തനയൻ സമ്മാനിച്ചപ്പോൾ വാത്സല്യത്തോടെ ഗൗരിഅമ്മ ഏറ്റുവാങ്ങി. രണ്ട് ചോക്ളേറ്റെടുത്ത് തനയനു നൽകിയിട്ടേ ഗൗരിഅമ്മ കഴിച്ചുള്ളൂ. പ്രായം ഒത്തിരിയായെന്ന് ഗൗരിഅമ്മ പറഞ്ഞപ്പോൾ 106 വയസുള്ള പാപ്പുക്കുട്ടി ഭാഗവതർ നല്ല സ്‌ഫുടതയോടെ ഇപ്പോഴും പാടുന്നുണ്ടല്ലോയെന്നായിരുന്നു ബേബിയുടെ മറുപടി.

തനയൻ ഗൗരിഅമ്മയ്‌ക്ക് ഉമ്മ നൽകിയപ്പോൾ, മകൻ അശോക് കുഞ്ഞായിരുന്നപ്പോൾ ഡൽഹിയിലെ ക്വാർട്ടേഴ്സിൽ വച്ച് ഗൗരിഅമ്മ എടുത്ത കാര്യം ബെറ്റി ഓർത്തെടുത്തു. കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായ ഗൗരിഅമ്മയുടെ മാർഗ നിർദ്ദേശങ്ങൾ എന്നും മുതൽക്കൂട്ടാണെന്ന് ബേബി പറഞ്ഞു. തുടർന്ന് കുടുംബസമേതം ഗൗരിഅമ്മയ്ക്കൊപ്പം ഫോട്ടോയെടുത്തു.

എറണാകുളത്ത് നിന്ന് കുടുംബത്തോടെ ആലപ്പുഴ ഗൗസ്റ്റ് ഹൗസിൽ എത്തിയ ബേബി ചെറുമകന്റെ നിർബന്ധത്തിന് വഴങ്ങി ആട്ടോറിക്ഷയിലാണ് ചാത്തനാട്ടെത്തിയത്. പിന്നാലെ കാറിൽ ബെറ്റിയും അശോകും സനിതയുമെത്തി. ബേബി വരുന്നതറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും കളത്തിൽപ്പറമ്പിൽ വീട്ടിലെത്തിയിരുന്നു.