fish

ആലപ്പുഴ : ഒരു മത്തിക്ക് 17 രൂപ! ഹോട്ടലിലല്ല. കടപ്പുറത്തെ വിലയാണ്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് മീനിന്റെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം വാടി കടപ്പുറത്താണ് 17 രൂപയെന്ന മോഹവില മത്തിക്ക് കിട്ടിയതെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. കിലോയ്ക്ക് 350 രൂപ വരെയാണ് മത്തിയ്ക്ക് വില ഉയർന്നത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചെറുവള്ളങ്ങളിൽ പോയി പിടിക്കുന്ന മീനാണ് ഇപ്പോൾ പ്രധാനമായും വിപണിയിലെത്തുന്നത്. മുൻകാലങ്ങളിൽ ട്രോളിംഗ് നിരോധന സമയത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ കലർത്തിയ മത്സ്യം ധാരാളമായി എത്തിയിരുന്നെങ്കിലും ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കിയതോടെ ഇത്തവണ ഇവയുടെ വരവ് കുറഞ്ഞു.
ട്രോളിംഗ് നിരോധനം ഒരാഴ്ച പിന്നിട്ടതോടെ പച്ചക്കറിയ്ക്കും വിലവർദ്ധനയുണ്ടായി. കിലോയ്ക്ക് രണ്ട് മുതൽ 30 രൂപ വരെയാണ് പല ഇനങ്ങൾക്കും വില കൂടിയത്. മീനിന്റെ ലഭ്യത കുറഞ്ഞതിനൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവിലും കുറവുണ്ടായതാണ് തിരിച്ചടിയായത്. ഈ ആഴ്ചയുടെ ആദ്യം മുതലാണ് പച്ചക്കറിവില ഉയർന്നുതുടങ്ങിയത്. സവാള, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക്, എന്നിവയ്ക്കാണ് വില കൂടിയത്. സർക്കാർ സംരംഭമായ ഹോർട്ടികോർപിൽ കഴിഞ്ഞമാസത്തെ വിലയെ അപേക്ഷിച്ച് വലിയ വർദ്ധന ഇല്ലെന്നത് ഉപഭോക്താക്കൾക്ക് ചെറിയൊരാശ്വാസമാണ്. ചൂടിന്റെ കാഠിന്യം വർദ്ധിച്ചതും വെള്ളക്ഷാമവുമാണ് ഇതര സംസ്ഥാനങ്ങളിൽ പച്ചക്കറി കൃഷിയെ കാര്യമായി ബാധിച്ചത് .
തമിഴ്‌നാട്ടിലെ മഴയുടെ കുറവ് പറഞ്ഞ് കേരളത്തിൽ പച്ചക്കറിക്ക് വിലക്കയറ്റം സൃഷ്ടിക്കുന്നത് മൊത്തവ്യാപാരികളാണെന്ന് ആരോപണമുണ്ട്. ചുവന്നുള്ളിക്ക് വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 50 രൂപയാണ് ചുവന്നുള്ളിയുടെ ഇപ്പോഴത്തെ വില.

പച്ചക്കറി വില കിലോഗ്രാമിന് (ഇന്നലെ.... കഴിഞ്ഞ ആഴ്ച)

ചുവന്നുളളി: 30-50
സവാള: 20 - 25
കിഴങ്ങ്: 25 - 30
ഇഞ്ചി: 80- 100
കോവയ്ക്ക: 30- 40
തക്കാളി: 40 - 60
പച്ചക്കായ: 50 - 60
കാബേജ്: 35- 40
വെളുത്തുളളി: 100 - 140
ബീൻസ്: 140-160
വള്ളിപ്പയർ: 40 -65
കാരറ്റ്: 50 - 80
വഴുതന: 50- 40
വെണ്ടയ്ക്ക: 30 - 36
പാവയ്ക്ക: 50 -80
പടവലം: 40 - 60
വെള്ളരി: 30 - 24
മത്തങ്ങ:30 - 28
പച്ചമുളക്: 40 - 38
ഏത്തപ്പഴം: 45 - 65

മത്സ്യത്തിന്റെ വില കിലോഗ്രാമിന്(നിരോധനത്തിന് മുമ്പ്-ശേഷം)

മത്തി: 100-350

അയില: 150-380

ചൂര: 180-280

മങ്കട: 100-220

വറ്റൽപാര: 130-320

ചെമ്മീൻ: 200-400

നങ്ക്: 100-180

ചെങ്കലവ: 130-240