വള്ളികുന്നം: കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പ്രിയപ്പെട്ട ഇൻസ്ട്രക്ടറായിരുന്നു കൊല്ലപ്പെട്ട സൗമ്യ. ഇന്നലെ രാവിലെയും സ്കൂളിലെത്തി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയിരുന്നു. സന്തോഷത്തോടെയാണ് മടങ്ങിയത്.
തഴവയിൽ പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അജാസിന്റെ ആക്രമണം. ആൾത്തിരക്കില്ലാത്ത സ്ഥലത്താണ് സംഭവമെന്നതിനാൽ ആർക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. നാട്ടുകാർ എത്തുമ്പോൾ പൊള്ളലേറ്റ അജാസ് സമീപത്തെ വീടിന്റെ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും അവർ പിടികൂടി പൊലീസിൽ ഏല്പിച്ചു.
എം.കോം ബിരുദധാരിയായ സൗമ്യയെക്കുറിച്ച് നാട്ടുകാർക്കും സഹപ്രവർത്തകർക്കും നല്ല അഭിപ്രായം മാത്രമേയുള്ളൂ. മക്കൾ ക്ളാപ്പനയിലെ തന്റെ വീട്ടിലായിരുന്നതിനാൽ വള്ളികുന്നം തെക്കേമുറിയിലെ വീട്ടിൽ സൗമ്യ തനിച്ചായിരുന്നു താമസം. വെള്ളത്തിന്റെ ദൗർലഭ്യം കാരണമാണ് മക്കളെ ക്ളാപ്പനയിലെ വീട്ടിലേക്ക് മാറ്റിയത്. സൗമ്യ ഇടയ്ക്ക് അങ്ങോട്ടു പോകുമായിരുന്നു.
നാട്ടിൽ പ്ളമ്പിംഗ് ജോലി ചെയ്തിരുന്ന സൗമ്യയുടെ ഭർത്താവ് സജീവ് ഏതാനും വർഷം മുമ്പ് സൗദിയിലേക്ക് പോയി. ഇവിടെ നിന്ന് ലീവിനെത്തി മൂന്നാഴ്ച മുമ്പാണ് ലിബിയയിൽ പുതിയ ജോലിക്കായി പോയത്.
പുഷ്പാകരനും ഇന്ദിരയുമാണ് സൗമ്യയുടെ മാതാപിതാക്കൾ. സൗമ്യയുടെ രണ്ട് ആൺമക്കളും ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂളിലെ വിദ്യാർത്ഥികളാണ്. ഇളയ മകൾ അംഗൻവാടി വിദ്യാർത്ഥിനിയാണ്.