വള്ളികുന്നം:സ്‌കൂട്ടറിൽ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥയെ പരിചയക്കാരനായ
പൊലീസുകാരൻ കാറിടിച്ച് വീഴ്‌ത്തി വടിവാളിന് വെട്ടിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.
ആലപ്പുഴ വളളികുന്നം തെക്കേമുറി ഊപ്പൻ വിളയിൽ സജീവിന്റെ ഭാര്യയും വള്ളികുന്നം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ യുമായ സൗമ്യയാണ് (32) കൊല്ലപ്പെട്ടത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ വാഴക്കാല കാക്കനാട് നെയ് വേലി വീട്ടിൽ അജാസാണ് (33) കടുംകൈ ചെയ്തത്. ഇയാൾ അവിവാഹിതനാണ്. സൗമ്യയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ അജാസ് പൊലീസ് കസ്റ്റഡിയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുൻവൈരാഗ്യമാണെന്ന സൂചനയുണ്ട്.
ഇന്നലെ വൈകിട്ട് നാലോടെ വളളികുന്നം നാലുവിള ജംഗ്ഷനിലുള്ള സൗമ്യയുടെ വീടിന് സമീപമായിരുന്നു സംഭവം.
എം.കോം ബിരുദധാരിയായ സൗമ്യ സ്റ്റുഡന്റ് പൊലീസ് ഇൻസ്‌ട്രക്ടറായിരുന്നു. ഇന്നലെ രാവിലെ വള്ളികുന്നം വട്ടയ്ക്കാട് കാമ്പിശേരി കരുണാകരൻ സ്‌മാരക സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാമ്പിൽ പങ്കെടുത്തിരുന്നു. പിന്നീട് തഴവയിലെ സ്‌കൂളിൽ പി.എസ്.സിയുടെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും സ്‌കൂട്ടറെടുത്ത് പുറത്തേക്ക് പോയപ്പോൾ കാറിലെത്തിയ അജാസ് ഇടിച്ചിടുകയായിരുന്നു. റോഡിൽ വീണ സൗമ്യ പിടഞ്ഞെഴുന്നേറ്റ് പ്രാണരക്ഷാർത്ഥം അയൽ വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ അജാസ് വടിവാൾ കൊണ്ട് വെട്ടി വീഴ്‌ത്തി. തുടർന്ന് കൈയിൽ കുപ്പിയിൽ കരുതിയ പെട്രോൾ സൗമ്യയുടെ ദേഹത്ത് ഒഴിച്ച് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. സൗമ്യ സംഭവസ്ഥലത്ത് മരിച്ചു. അജാസിനും പൊള്ളലേറ്റു. സൗമ്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ അജാസിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വസ്‌ത്രങ്ങൾ കരിഞ്ഞ് അൻപതു ശതമാനം പൊള്ളലേറ്റ അജാസിനെ പൊലീസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിമ്മൂന്ന് വർഷം മുമ്പായിരുന്നു സൗമ്യയുടെയും സജീവിന്റയും വിവാഹം. സൗമ്യയുടെ ഭർത്താവ് സജീവിന് നാട്ടിൽ പ്ലംബിംഗ് ജോലിയായിരുന്നു. പിന്നീട് സൗദിയിലേക്ക് പോയി. ലീവിൽ നാട്ടിലെത്തിയ സജീവ് മൂന്നാഴ്ച മുമ്പ് ലിബിയയിലെ പുതിയ ജോലിസ്ഥലത്തേക്ക് പോയി. ഇവർക്ക് മൂന്ന് മക്കളുണ്ട്. സ്‌കൂൾ തുറന്ന ശേഷം കുട്ടികളുടെ താമസം ഓച്ചിറ ക്ലാപ്പനയിലെ സൗമ്യയുടെ വീട്ടിലാണ്. രണ്ട് ആൺമക്കൾ ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. മൂത്തമകൻ ഋഷികേശ് ഏഴാം ക്ളാസിലും രണ്ടാമത്തെ മകൻ ആദിശേഷ് ആറാം ക്ലാസിലും. ഇളയ മകൾ ഋതിക അംഗൻവാടി വിദ്യാർത്ഥിനിയാണ്. അഞ്ച് വർഷം മുൻപാണ് സൗമ്യയ്‌ക്ക് പൊലീസിൽ ജോലി കിട്ടിയത്. അന്നുമുതൽ വീടിനടുത്തുള്ള വള്ളികുന്നം സ്റ്റേഷനിലാണ് ജോലി.
അന്വേഷണത്തിന് പ്രത്യേക സംഘം
സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ചു.ഡിവൈ.എസ്.പി മാരായ അനീഷ് വി.കോര, ആർ.ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇൻക്വസ്റ്റ് തയ്യാറാക്കി.
പരിശീലന ക്യാമ്പിൽ
തുടങ്ങിയ പരിചയം
സൗമ്യ പൊലീസ് പരിശീലനത്തിനായി തൃശൂരിലെ കെ.എ.പി ബറ്റാലിയനിൽ ചെന്നപ്പോഴാണ് അജാസുമായി പരിചയത്തിലായത്. പരിശീലനത്തിനുശേഷം സൗമ്യയ്ക്ക് വീടിനടുത്തുള്ള വള്ളികുന്നം സ്റ്റേഷനിൽ തന്നെയാണ് നിയമനം ലഭിച്ചത്. ബറ്റാലിയനിലെ പരിചയം വർഷങ്ങളോളം തുടർന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അടുത്തിടെ ഇരുവരും തമ്മിൽ തെറ്റിയെന്നും തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നുമാണ് പറയപ്പെടുന്നത്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ അന്വേഷിച്ചശേഷമേ വ്യക്തത വരൂ എന്നാണ് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി പറഞ്ഞത്.പത്ത് വർഷത്തോളം മുമ്പ് അജാസ് വള്ളികുന്നം സ്റ്റേഷനിൽ ജോലി നോക്കിയിട്ടുണ്ട്.