വള്ളികുന്നം : കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പ്രിയപ്പെട്ട ഇൻസ്ട്രക്ടറായിരുന്നു കൊല്ലപ്പെട്ട സൗമ്യ. ഇന്നലെ രാവിലെയും സ്കൂളിലെത്തി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയിരുന്നു. സന്തോഷത്തോടെയാണ് ഇവിടെ നിന്ന് മടങ്ങിയത്.
പി.എസ്.സി ഇന്നലെ നടത്തിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയും സൗമ്യ എഴുതി. തഴവയിലായിരുന്നു സെന്റർ. വൈകിട്ട് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അജാസിന്റെ ആക്രമണം. ആൾത്തിരക്കില്ലാത്ത സ്ഥലത്താണ് സംഭവമെന്നതിനാൽ ആർക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. സ്കൂട്ടറിൽ വന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്ത്തി. റോഡിൽ വീണ സൗമ്യ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെൻ ശ്രമിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടി. സൗമ്യ ഓടിക്കയറിയ വീട്ടിലും ആളുകളില്ലായിരുന്നു . നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും അജാസ് കൈയിൽ കുപ്പിയിൽ കരുതിയ പെട്രോളൊഴിച്ച് സിഗരറ്റ് ലാമ്പുപയോഗിച്ച് തീകൊളുത്തിയിരുന്നു. നാട്ടുകാർ എത്തുമ്പോഴഷക്കും തീ ആളിക്കത്തി. പൊള്ളലേറ്റ അജാസ് വീടിന്റെ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.
നാട്ടുകാരെക്കണ്ട് അജാസ് ശ്രമം ഓടി രക്ഷപ്പെടാൻ നടത്തിയെങ്കിലും അവർ പിടികൂടി പൊലീസിൽ ഏല്പിച്ചു. പൊലീസാണ് അജാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. 50 ശതമാനത്തോളം പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമാണ്. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് വള്ളികുന്നം ഇപ്പോഴും മോചിതമായിട്ടില്ല.
എം.എഡ് ബിരുദധാരിയായ സൗമ്യയെക്കുറിച്ച് നാട്ടുകാർക്കും സഹപ്രവർത്തകർക്കും നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ. മക്കൾ ക്ളാപ്പനയിലെ തന്റെ വീട്ടിലായിരുന്നതിനാൽ വള്ളികുന്നം തെക്കേമുറിയിലെ വീട്ടിൽ സൗമ്യ തനിച്ചായിരുന്നു ഇപ്പോൾ താമസം. വെള്ളത്തിന്റെ ദൗർലഭ്യം കാരണമാണ് മക്കളെ ക്ളാപ്പനയിലെ വീട്ടിലേക്ക് മാറ്റിയത്. സൗമ്യയും ഇടയ്ക്ക് അങ്ങോട്ടു പോകുമായിരുന്നു.
നാട്ടിൽ പ്ളമ്പിംഗ് ജോലി ചെയ്തിരുന്ന സൗമ്യയുടെ ഭർത്താവ് സജീവ് ഏതാനും വർഷം മുമ്പാണ് ജോലിക്കായി സൗദിയിലേക്ക് പോയത്. ഇവിടെ നിന്ന് ലീവിനെത്തിയ സജീവ് മൂന്നാഴ്ച മുമ്പാണ് ലിബിയയിൽ പുതിയ ജോലിക്കായി പോയത്. ഗൾഫിൽ ജോലിക്ക് പോകുന്നതിനു മുമ്പാണ് തെക്കേമുറിയിൽ സജീവ് വീടുവച്ചത്. പുഷ്പാരനും ഇന്ദിരയുമാണ് സൗമ്യയുടെ മാതാപിതാക്കൾ. സൗമ്യയുടെ രണ്ടാൺമക്കളും ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂളിലെ വിദ്യാർത്ഥികളാണ്. ഇളയ മകൾ അംഗൻവാടി വിദ്യാർത്ഥിനിയാണ്.