വിപ്ളവ കേരളത്തിന്റെ വീരനായിക കെ.ആർ.ഗൗരിഅമ്മയ്ക്ക് നാളെ ജന്മശതാബ്ദി ആഘോഷം. 101ന്റെ നിറവിൽ നിൽക്കുന്ന ഗൗരിഅമ്മ രാഷ്ട്രീയത്തിലെ വടവൃക്ഷം. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്ത് കമ്മ്യൂണിസത്തിന്റെ വിത്തിന് വെള്ളവും വളവും നൽകി പരിചരിച്ച പെൺകരുത്ത്. കാലം പോലും അതിശയത്തോടെ നോക്കിനിന്ന ആ ഇരുണ്ടവഴികളിലൂടെ ചങ്കൂറ്റത്തോടെ നടന്ന ഗൗരിഅമ്മ. ബ്രിട്ടീഷ് ലാത്തിയുടെ കൊടുംക്രൂരതയുടെ വേദന കടിച്ചമർത്തിയപ്പോഴും ഉള്ളിൽ തിളയ്ക്കുന്ന വിപ്ളവാവേശമായിരുന്നു. ലാത്തിക്ക് ജീവനുണ്ടായിരുന്നുവെങ്കിൽ ഞാൻ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നുവെന്ന് ഒരിക്കൽ ഗൗരിഅമ്മ തുറന്നു പറയുകയുണ്ടായി. കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും എന്നായിരുന്നു ഒരുകാലത്ത് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇ.എം.എസ്,എ.കെ.ജി,കെ.ആർ.ഗൗരി,സുന്ദരയ്യ സിന്ദാബാദ് എന്നായിരുന്നു കേരളം കേട്ടുവളർന്ന മറ്റൊരു വിളി.
ഗൗരിഅമ്മയെപ്പോലെ കരുത്തുറ്റ ഒരു ഭരണാധികാരിയെ കണ്ടിട്ടില്ലെന്നാണ് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് തന്റെ സർവീസ് അനുഭവങ്ങൾ നിരത്തി പറയുന്നത്. രാഷ്ട്രീയ എതിരാളികൾ പോലും എതിർപ്പില്ലാതെ ആദരിക്കുന്നു കെ.ആർ. ഗൗരിഅമ്മയെ. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി. ഐയിൽ നിന്ന് സി.പി.എമ്മിലേക്ക് ചങ്കൂറ്റത്തോടെ കാലെടുത്തു വച്ചഗൗരിഅമ്മയ്ക്ക് അതിനായി ജീവിതപങ്കാളിയെപ്പോലും കൈവിടേണ്ടി വന്നു. ഒടുവിൽ സി.പി.എം ഗൗരിഅമ്മയെ പടിക്ക് പുറത്താക്കി. ജനാധിപത്യ സംരക്ഷണ സമിതി എന്ന പ്രസ്ഥാനം രൂപം കൊണ്ടു. യു.ഡി.എഫിന്റെ ഭാഗമായി. പിന്നെ അതും ഉപേക്ഷിച്ചു. ജെ.എസ്. എസ് പല കഷണങ്ങളായി. അതിൽ ഒരു വിഭാഗം വീണ്ടും ഗൗരിഅമ്മയുമായി ലയിച്ചു. അവരാണ് ഇന്ന് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
? അനുഭവത്തിന്റെ തീച്ചൂളയിലൂടെ കടന്ന ജീവിതമാണല്ലോ, തിരിഞ്ഞ് നോക്കുമ്പോൾ എന്ത് തോന്നുന്നു.
മനുഷ്യർ മുന്നോട്ടാണ് നോക്കേണ്ടത്. ഒരിക്കലും ചിന്തകൾ പിറകോട്ട് കൊണ്ടുപോകരുത്. എന്തൊക്കെ ജനങ്ങൾക്ക് ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്.
? ഗൗരി അമ്മയുടെ ജീവിതം സമൂഹത്തിന് നൽകുന്ന സന്ദേശം
സന്ദേശമൊന്നുമില്ല. സ്വന്തം ജീവിതമാണ് മാതൃകയാക്കേണ്ടത്. ആരുടെയും പഴി കേൾക്കാതെ മുന്നോട്ട് പോവുക. ഞാൻ എല്ലാവരെയും പോലെ ജീവിക്കുന്നു. ആർക്കും പകർത്താനുള്ള പുസ്തകമല്ല എന്റെ ജീവിതം.
? കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിഅമ്മ സ്വീകരിച്ച നിലപാടിൽ നിന്ന് മനസ് മാറിയിട്ടുണ്ടോ
ഇല്ലേയില്ല. പാർട്ടി ചർച്ച ചെയ്താണ് ആ നിലപാട് സ്വീകരിച്ചത്. ഞാൻ സി.പി.എമ്മായി, ടി.വി.തോമസ് സി.പി.ഐയിൽ നിന്നു. എല്ലാ തീരുമാനങ്ങളും സമയോചിതമായി എടുത്തതാണ്.
? ഒരവസരത്തിൽ സി.പി.എമ്മിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിട്ട് വീണ്ടും ജെ.എസ്.എസ് പുനർജീവിപ്പിച്ചതിന് പിന്നിൽ
( ഉത്തരം മൗനം )
? ജെ.എസ്.എസ് വിചാരിച്ചതുപോലെ തിളങ്ങാനാവാതെ പോയത് എന്തുകൊണ്ടാണ്
പാർട്ടിയുടെ പ്രവർത്തനങ്ങൾ പോരാ. പൊതുജനക്ഷേമത്തിനു വേണ്ടിയാവണം പാർട്ടി. ജെ.എസ്.എസിൽ അതുണ്ടായില്ല. സ്വന്തം ആവശ്യത്തിനു വേണ്ടിയാണ് എല്ലാവരും പാർട്ടിയെ കണ്ടത്.
? രാജ്യത്താകമാനം മോദിതരംഗം അലയടിച്ച് നിൽക്കുന്നതിനെ എങ്ങനെ കാണുന്നു
മോദിയുടെ ഭരണം കുഴപ്പമില്ല. ഞാൻ പൊതുരംഗത്തില്ലെങ്കിലും വീട്ടിലിരുന്ന് എല്ലാം ടി.വിയിലും പത്രത്തിലും കണ്ട് മനസിലാക്കുന്നുണ്ട്.
? വനിതകൾ രാഷ്ട്രീയത്തിൽ ഇറങ്ങാതിരുന്ന കാലത്തായിരുന്നു ഗൗരിഅമ്മയുടെ വരവ്. ഇപ്പോൾ വനിതകളുടെ വലിയ നിര തന്നെ രാഷ്ട്രീയത്തിലുണ്ട്. ആ മാറ്റത്തെ എങ്ങനെ കാണുന്നു
ആര് പറഞ്ഞു അന്നത്തെ കാലത്ത് സ്ത്രീകൾ രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെന്ന്. സജീവമായി ഉണ്ടായിരുന്നു. ഏതൊരു പുരുഷന്റെയും ബലം ഒരു സ്ത്രീയാണ്. അതൊരു പ്രത്യേക കരുത്താണ് പകരുന്നത്. സ്ത്രീകൾ അന്നും നേതൃനിരയിൽ ഉണ്ടായിരുന്നു. രാഷ്ടീയത്തിൽ സ്ത്രീകൾ നന്നായി ശോഭിക്കും.
? മറക്കാനാവാത്ത അനുഭവം
എന്റെ ജീവിതം തന്നെ അനുഭവമാണ്. ഒന്നും മറക്കാനാവില്ല.
? പ്രിയ സഖാവുമായുള്ള ബന്ധം വേർപ്പെടുത്തിയതിനെ ഓർത്ത് എപ്പോഴെങ്കിലും വേദനിച്ചിട്ടുണ്ടോ
പിരിഞ്ഞതിൽ വിഷമമൊന്നുമില്ല. അല്ലെങ്കിലും വർഷങ്ങൾക്കിപ്പുറം വിഷമിച്ചിട്ടെന്തു കാര്യം. അവസാന കാലത്ത് അദ്ദേഹത്തെ നന്നായി നോക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. രോഗം അറിഞ്ഞ് ഞാൻ കാണാൻ ചെന്നു. പക്ഷേ കാണാൻ കഴിഞ്ഞില്ല. എം.എൻ.ഗോവിന്ദൻനായർ എന്നെ പുറത്താക്കി ഗേറ്റ് അടച്ചു. ടി.വിയെ നശിപ്പിച്ചത് അയാളാണ്. ഞാനും ടി.വിയും തമ്മിലുള്ള അകൽച്ച വർദ്ധിപ്പിച്ചത് എമ്മെനാണ്. പിന്നെ ടി.വിയെ കാണാൻ ബോംബയിൽ പോയി. അവിടെയും വിലക്കാൻ നോക്കി. ഞാൻ ഏർപ്പെടുത്തിയ വിശ്വംഭരനാണ് അദ്ദേഹത്തിന് അവസാന നാളുകളിൽ സഹായത്തിനുണ്ടായത്.
? ഇനിയൊരു ജന്മമുണ്ടായാൽ ആരായി ജനിക്കാനാണ് ആഗ്രഹം
ഇനി എന്തിന് ജന്മം. ഈ ജന്മം തന്നെ മതിയായി. ആർക്ക് വേണ്ടി ജീവിക്കണം. എല്ലാം കയ്പേറിയ അനുഭവം. സ്നേഹം തരാൻ എനിക്ക് മക്കളില്ല. സ്നേഹിച്ച ആരുമില്ല. ഇപ്പോൾ കൂടെ നിൽക്കുന്നവർ പോലും ഇട്ടേച്ച് പോകുമോ എന്നാണ് പേടി.
?ഇപ്പോഴും നിരീശ്വരവാദിയാണോ
ദൈവമേ എന്ന് വിളിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ദൈവം ഉണ്ടോ. ഉണ്ടായിരുന്നെങ്കിൽ രാജ്യത്ത് ഒരു കൊള്ളരുതായ്മയും നടക്കത്തില്ലായിരുന്നു. സ്വീകരണമുറിയിൽ ഇരിക്കുന്ന കൃഷ്ണനോട് ഞാൻ സംസാരിക്കാറുണ്ട്. പണ്ട് എനിക്ക് കൂട്ടുകാരനായി ടി.വി.തോമസ് ഉണ്ടായിരുന്നു. അങ്ങേര് ഇട്ടേച്ച് പോയപ്പോൾ ഞാൻ കൃഷ്ണനെ കൂട്ടി. ഇപ്പോൾ എനിക്ക് കൂട്ട് കൃഷ്ണനാണ്.