ആലപ്പുഴ: രാവിലെ പൊന്നുമ്മ പകുത്തു നൽകി പഠിക്കാനയച്ച അമ്മ, വൈകി
ട്ട് തങ്ങൾ മടങ്ങിയെത്തും മുമ്പ് അഗ്നിഗോളമായി മാറിയ നടുക്കത്തിൽ നിന്ന് ഈ മൂന്നു കുരുന്നുകൾ ഇനിയും മോചിതരായിട്ടില്ല.
ഏഴാം ക്ളാസുകാരനാണ് മൂത്ത മകൻ ഋഷികേശ്. രണ്ടാമൻ ആദിശേഷ് ആറാം ക്ളാസിൽ പഠിക്കുന്നു. ഇരുവരുടെയും കുഞ്ഞുപെങ്ങൾ ഋതിക അംഗൻവാടിക്കാരി.
മൂന്ന് പേരെയും രാവിലെ 7.30ന് സ്കൂൾ വാൻ എത്തുമ്പോൾ യാത്രയാക്കിയ ശേഷമാണ് സൗമ്യ ഡ്യൂട്ടിക്ക് പോകാറുള്ളത്. ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂളിലെ വിദ്യാർത്ഥികളാണ് ആൺമക്കൾ. സ്കൂൾ തുറന്നതോടെ മൂന്നു പേരും ക്ളാപ്പനയിലെ സൗമ്യയുടെ വീട്ടിലാണ്. അമ്മ വൈകിട്ടല്പം താമസിച്ചാൽ ഋഷികേശ് മൊബൈലിലേക്കു വിളിക്കും, എവിടെ എത്തിയെന്നറിയാൻ. ചേട്ടൻമാർ രണ്ടുപേർക്കും അമ്മയ്ക്കുണ്ടായ ദുരന്തം മനസിലായെങ്കിലും അമ്മ ജോലികഴിഞ്ഞ് ചക്കരയുമ്മയുമായി വരുന്നതും കാത്തിരിക്കുകയാണ് ഋതിക ഇപ്പോഴും.