മാരാരിക്കുളം: മക്കളും മരുമക്കളും ഉൾപ്പെടുന്ന 18 അംഗ സംഘം സർക്കാർ ജീവനക്കാരായതിന്റെ നിർവൃതിയിൽ ശിഷ്ടജീവിതം നയിക്കുന്ന മണ്ണഞ്ചേരി വെള്ളക്കാഴത്തുചിറ (കുന്നപ്പള്ളി ) വീട്ടിൽ പി.എ.മുഹമ്മദ് കുഞ്ഞിന് (84) പിതൃദിനത്തിൽ മുഹമ്മ അരങ്ങിന്റെ ആദരം. കച്ചവടക്കാരനായ അച്ഛന്റെ പിന്തുടർച്ചക്കാരനായി 15-ാം വയസിൽ അദ്ധ്വാനം തുടങ്ങിയ മുഹമ്മദ് കുഞ്ഞിന് ഒമ്പതു മക്കളാണുള്ളത്. അവരും ജീവിത പങ്കാളികളും സർക്കാർ സർവ്വീസിലാണ് എന്നതാണ് മുഹമ്മദ് കുഞ്ഞിന്റെ ജീവിതം സമ്പന്നമാക്കുന്നത്.
പിതൃ ദിനത്തോടനുബന്ധിച്ചു മുഹമ്മ അരങ്ങ് പ്രവർത്തകർ മുഹമ്മദ് കുഞ്ഞിനെ വീട്ടിൽ എത്തി ആദരിച്ചു. സബ് കലക്ടർ വി.ആർ. കൃഷ്ണ തേജ പൊന്നാട അണിയിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, ഇപ്റ്റ സംസ്ഥാന സെക്രട്ടറി അഡ്വ.എൻ. ബാലചന്ദ്രൻ, അനന്തശയനേശ്വര ക്ഷേത്ര യോഗം പ്രസിഡന്റ് ടി.ആർ.സുധീർ തൈപ്പറമ്പിൽ, സി.കെ.മണി ചീരപ്പൻചിറ, ആർ.എൽ.വി വിജയകൃഷ്ണൻ, എം.കെ.ഉണ്ണിക്കൃഷ്ണൻ, ഡോ.ധനേഷ്, ടോമിച്ചൻ കണ്ണേൽ, പി.എം.സുനിൽ എന്നിവർ സംസാരിച്ചു. അരങ്ങ് രക്ഷാധികാരി സി.പി. ഷാജി സ്വാഗതവും റിട്ട.തഹസിൽദാർ മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.