പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വറുതിക്കാലം
ആലപ്പുഴ : കടൽ പിണങ്ങിയതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാന മാർഗവുമടയുന്നു. ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭിക്കുമെങ്കിലും കടൽ പ്രക്ഷുബ്ധമായതു കാരണം ഇപ്പോൾ മിക്ക ദിവസങ്ങളിലും കടലിൽ വള്ളം ഇറക്കാൻ കഴിയുന്നില്ല.
പൊന്തുവള്ളങ്ങളിലും മറ്റ് ചെറുവള്ളങ്ങളിലുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം. എന്നാൽ, കാറ്റും മഴയും ശക്തമായാൽ ഇത്തരം വള്ളങ്ങൾ കടലിലിറക്കുന്നത് അപകടകരമാണ്. ട്രോളിംഗ് നിരോധന കാലയളവിൽ ഇവർ പിടിച്ചു കൊണ്ടുവരുന്ന മത്സ്യം മാത്രമായിരുന്നു ആശ്രയം.അന്യസംസ്ഥാനങ്ങളിൽ നിന്ന് മായം ചേർത്ത മീൻ വ്യാപകമായി എത്തിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മൂക്കുകയറിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി . സ്ട്രിപ്പ് ഉപയോഗിച്ചുളള പരിശോധനയിൽ മായം തെളിഞ്ഞാൽ സാന്പിൾ ശേഖരിച്ച് ലാബിലേക്ക് അയക്കും. സാധാരണ മൺസൂൺകാലത്ത് ചാകര തെളിയാറുണ്ടെങ്കിലും ഇക്കുറി അതിന്റെ സൂചനകളൊന്നും കണ്ടുതുടങ്ങിയിട്ടില്ല. ചാകരക്കോളു സ്വപനം കണ്ടാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾ കഴിയുന്നത്. ട്രോളിംഗ് നിരോധന കാലയളവായ 52 ദിവസം യന്ത്രവത്കരണ ബോട്ടുകളുടേയും വിദേശയാനങ്ങളുടേയും കടന്നുകയറ്റം ഇല്ലാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കാവുന്ന അവസരമാണുള്ളത്. ഇപ്പോൾ ജീവൻ പണയം വച്ച് കടലിലിറങ്ങുന്ന വള്ളക്കാർക്കാകട്ടെ നല്ല കോളു ലഭിക്കുന്നുമില്ല.
പുന്നപ്ര,ചെത്തി,ചള്ളി കടപ്പുറങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളിൽ ഭൂരിഭാഗവും പ്രതീക്ഷിച്ച കോള് കിട്ടാതെയാണ് ഇന്നലെയും മടങ്ങിയത് സർക്കാർ നൽകുന്ന സൗജന്യ റേഷൻ കിട്ടിത്തുടങ്ങിയെങ്കിലും വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് വരുമാനമില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
3000
ജില്ലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ എണ്ണം മൂവായിരത്തോളം വരും
70
മൺസൂൺകാലത്ത് പടിഞ്ഞാറൻ തീരത്തെ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യ സമ്പത്തിന്റെ എഴുപത് ശതമാനവും കേരളത്തിൽ നിന്നാണ്. മത്തി,,അയല തുടങ്ങിയവയാണ് സാധാരണ കൂടുതലായി ലഭിക്കുന്നത് .
കടൽ പ്രക്ഷുബ്ധമായതിനാൽ വള്ളം ഇറക്കാൻ കഴിയുന്നില്ല. ട്രോളിംഗ് നിരോധന സമയത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമുണ്ടാകുന്നത്. നല്ല കോള് വരുമെന്ന പ്രതീക്ഷയിൽ വള്ളങ്ങളുടെയും വലകളുടെയും അറ്റകുറ്റപ്പണി നടത്തി കാത്തിരിക്കുകയാണ്.
- രാജുമോൻ,പരമ്പരാഗത മത്സ്യത്തൊഴിലാളി
......
'' ട്രോളിംഗ് നിരോധനം ഗുണദോഷ സമ്മിശ്രമാണെങ്കിലും ജില്ലയിലെ തീരപ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽലാഭമാണ് ഇൗ കാലയളവിലുണ്ടാവുക . എന്നാൽ ഇത്തവണ തിരിച്ചടിയാണ്.
- എ.കെ.ബേബി, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്