ആലപ്പുഴ : സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും മറ്റാർക്കും സംഭവത്തിൽ പങ്കില്ലെന്നും ആശുപത്രിയിൽ ചികിത്സയിലുള്ള ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസ് മജിസ്ട്രേട്ടിന് മൊഴി നൽകി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ വീടിനു സമീപം വച്ച് അജാസ് പെട്രോളൊഴിച്ച് കത്തിച്ച് കൊന്നത്. സംഭവത്തിൽ അജാസിനും പൊള്ളലേറ്റിരുന്നു.
ഞായറാഴ്ച രാത്രി പത്തോടെ ആലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് ആർ.ആർ. രജിത ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. വിവാഹത്തിന് സമ്മതിക്കാത്തതും ഫോൺ ബ്ളോക്ക് ചെയ്തതും സാമ്പത്തിക ഇടപാടുകളുമാണ് കൊല നടത്താൻ പ്രേരിപ്പിച്ചതെന്ന് അജാസിന്റെ മൊഴിയിലുണ്ടെന്നറിയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര ആവശ്യപ്പെട്ടതിനെ തുടർന്ന് മൊഴിയുടെ പകർപ്പ് ഇന്നലെ കൈമാറി. ഇതനുസരിച്ചായിരിക്കും തുടരന്വേഷണം. ഞായറാഴ്ച രാത്രി 9ന് ശേഷമാണ് അജാസിന് ബോധം തെളിഞ്ഞത്. തുടർന്ന് ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് മജിസ്ട്രേട്ട് എത്തുകയായിരുന്നു.
സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലിബിയയിലുള്ള ഭർത്താവ് സജീവൻ നാട്ടിലെത്തിയ ശേഷം നാളെ സംസ്കാരം നടക്കും.
ആരോഗ്യനില വഷളായി
ഇന്നലെ രാവിലെയോടെ അജാസിന്റെ ആരോഗ്യ നില വീണ്ടും വഷളായി. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ശരിയായ നിലയിലല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡയാലിസിസും തുടങ്ങി. അജാസിന്റെ ബന്ധുക്കൾ ഇതുവരെ അന്വേഷിച്ചെത്തിയിട്ടില്ല. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പുഷ്പപലത പറഞ്ഞു.