ആലപ്പുഴ : പൊലീസിന്റെയും എക്സൈസിന്റെയും പരിശോധന ശക്തമായി തുടരുമ്പോഴും നിരോധിത പുകയില ഉത്പന്നങ്ങൾ ജില്ലയിലേക്കൊഴുകുന്നു.ട്രെയിനിലൂടെയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലൂടെയുമാണ് ജില്ലയിലേക്ക് ലഹരി സാധനങ്ങളുടെ ഒഴുക്ക് ഇന്നലെ ആലപ്പുഴ നഗരത്തിൽ നിന്ന് പൊലീസും എക്സൈസും നടത്തിയപരിശോധനയിൽ ലക്ഷകണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടിച്ചത്.
തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ലഹരി സാധനങ്ങളുടെ വരവ്. പുകയില ഉത്പന്നങ്ങൾ കൂടാതെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വരവും കൂടിയിട്ടുണ്ട്.
വിദ്യാലയങ്ങൾ, ആരാധനാലയങ്ങളുടെ പരിസരം, ബീച്ച്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘം വിലസുന്നത്.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി കടത്താന്‍ ശ്രമിച്ച ലഹരി ഉത്പന്നങ്ങൾ പലതവണ പിടികൂടിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല.
സ്റ്റേഷനറി കടയിൽ നിന്ന് ലക്ഷങ്ങളുടെ
പുകയില ഉത്പന്നങ്ങൾ പിടിച്ചു
ആലപ്പുഴ: സ്റ്റേഷനറി മൊത്തവ്യാപാരശാലയിൽ നാർക്കോട്ടിക് വിഭാഗം നടത്തിയ റെയ്ഡിൽ രണ്ടുലക്ഷത്തിലേറെ രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കടയുടമ ആലപ്പുഴ പാലസ് വാർഡിൽ കോന്നോത്ത് വീട്ടിൽ ബിനു വിനെ(37) അറസ്റ്റ് ചെയ്തു. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തെ സ്റ്റോഴ്സിൽ ഇന്നലെ വൈകിട്ടായിരുന്നു പരിശോധന . നിരവധി ചാക്കുകളിലായി നിറച്ചു വെച്ചിരുന്ന 4230 പാക്കറ്റ് ഹാൻസും മറ്റ് പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. നഗരത്തിലെ ചെറുകിട കച്ചവടക്കാർക്കും ഇവിടെ നിന്നാണ് ഹാൻസും മറ്റും വില്പന നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാർക്കോട്ടിക് വിഭാഗം ഡോഗ് സ്‌ക്വാഡും റെയ്ഡിനുണ്ടായിരുന്നു.
എക്സൈസ് റേഞ്ച് ഓഫീസ് ആലപ്പുഴ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ചേർന്ന് കാട്ടൂർ, തുമ്പോളി, മംഗലം ഭാഗങ്ങളിൽ നടത്തിയ മറ്റൊരു പരിശോധനയിൽ ആറ് കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി.